തൊടുപുഴ: വേനൽ കടുത്തതോടെ കാട്ടുതീ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം തൊടുപുഴയ്ക്കടുത്ത് ജനവാസ മേഖലകളിൽ പടർന്നു പിടിച്ച തീയിൽ വൻ നാശനഷ്ടമാണുണ്ടായത്. പല മേഖലകളിലേക്കും വ്യാപകമായ തോതിൽ തീ പടർന്നതോടെ നൂറു കണക്കിന് ഏക്കർ റബറടക്കമുള്ള കൃഷിയിടം കത്തി നശിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ശാസ്താംപാറ മാവിൻചുവട്ടിലും ശാരദക്കവലയിലും റബർതോട്ടത്തിനു തീ പിടിച്ചിരുന്നു. വൈകിട്ട് ആറരയോടെ ചീനിക്കുഴിയ്ക്കു സമീപം ബൗണ്ടറിയിൽ തീ പിടിച്ചു. ഇവിടെ വനാതിർത്തിയോട് ചേർന്നുള്ള പ്രദേശത്തെ തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ കത്തി നശിച്ചു. രാത്രി എട്ടരയോടെയാണ് ഇളംദേശത്ത് തീ പിടിച്ചത്. നൂറോളം കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലാണ് അഗ്‌നിബാധയുണ്ടായത്. ഇളംദേശം ഗവ.ആശുപത്രിയ്ക്കു സമീപത്തു നിന്നാണ് തീ പടർന്നത്. ശക്തമായ കാറ്റു വീശി തുടങ്ങിയതോടെ തീ നിയന്ത്രണാധീതമായി ആളിപ്പടർന്നു. ഇവിടെ ഏക്കറുകണക്കിന് കൃഷിയിടത്തിലെ വിളകൾ കത്തി നശിച്ചു. തൊടുപുഴയ്ക്കു പുറമെ കല്ലൂർക്കാട്, മൂലമറ്റം ഫയർ സ്റ്റേഷനിൽ നിന്നുള്ള യൂണിറ്റും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രാത്രി ഒമ്പതോടെ തൊടുപുഴ കാരിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയ്ക്കു സമീപവും തീ പിടിച്ചു. ഇവിടെ കൂട്ടിയിട്ടിരുന്ന മരച്ചില്ലകൾക്ക് തീ പിടിച്ച് പുരയിടത്തിലേക്ക് പടരുകയായിരുന്നു. തൊടുപുഴ, കല്ലൂർക്കാട്, മൂലമറ്റം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർയൂണിറ്റുകളും ഏറെ നേരം പണിപ്പെട്ടാണ് പലയിടത്തും തീ നിയന്ത്രണ വിധേയമാക്കിയത്. ഇന്നലെ രാവിലെ 10നു വെള്ളിയാമറ്റം പറമ്പുകാട്ടുമലയിൽ പുരയിടത്തിന് തീപിടിച്ചു. തൊടുപുഴ ഫയർ ഫോഴ്‌സ് എത്തിയാണ് അണച്ചത്. സമീപത്തെ റബർ തോട്ടത്തിലേക്ക് തീ പടരുന്നതിനു മുൻപ് തീയണച്ചതിനാൽ വലിയ നാശനഷ്ടം ഒഴിവായി. പിന്നാലെ 10.55 നു മണക്കാട് ചിറ്റൂരിൽ താന്നിക്കൽ സണ്ണിയുടെ പുരയിടത്തിലും തീ പടർന്നു പിടിച്ചു. അരയേറോളം സ്ഥലത്താണ് അഗ്നിബാധയുണ്ടായത്. കൂവപ്പള്ളിയിൽ കച്ചിറമറ്റം ജോസിന്റെ 10 ഏക്കർ കൃഷിയിടം തീകത്തി നശിച്ചു. ഫയർഫോഴ്‌സ് എത്തിയെങ്കിലും വാഹനം തീ പിടിച്ചസ്ഥലത്ത് എത്താതിരുന്നതിനാൽ നാട്ടുകാരും അഗ്‌നിശമനസേന ഉദ്യോഗസ്ഥരും പൊലീസും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കെടുത്തുകയായിരുന്നു. നാട്ടുകാരുടെ പ്രയത്‌നത്തിൽ തീ സമീപ പ്രദേശങ്ങളിലേയ്ക്ക് പടർന്നില്ല. മുട്ടം ശങ്കരപ്പിള്ളിയ്ക്ക് സമീപം തീ പിടുത്തമുണ്ടായി വൈദ്യുതി ലൈനുകളും കേബിളുകളും കത്തി നശിച്ചു. മൂലമറ്റം ഫയർഫോഴ്‌സ് എത്തി തീ അണച്ചു. ഇതിനിടെ ഇന്നലെ രാവിലെ മുട്ടം എൻജിനീയറിംഗ് കോളജിന് സമീപം ഗതാഗത തടസം സൃഷ്ടിച്ചു റോഡിൽ വീണ മരവും തൊടുപുഴ ഫയർഫോഴ്‌സ് എത്തി മുറിച്ചു നീക്കി.
ശ്രദ്ധിച്ചാൽ തടയാം
99 ശതമാനം കാട്ടുതീയും മനുഷ്യനിർമ്മിതം
ബീഡി, സിഗരറ്റ് കുറ്റികൾ വലിച്ചെറിയരുത്
വനമേഖലയിലെ കൈയേറ്റം നിരീക്ഷിക്കണം
കൃഷിയാവശ്യത്തിന് തീയിടുന്നത് നിയന്ത്രിക്കുക
വേനൽക്കാലത്ത് വനത്തിലേക്ക് ടൂറിസ്റ്റുകളെ കടത്തി വിടരുത്
പരാധീനതകളേറെ
ജില്ലയിൽ ആകെ എട്ട് ഫയർഫോഴ്‌സ് സ്റ്റേഷനുകളാണുള്ളത്. പലയിടത്തും ആവശ്യത്തിന് ജീവനക്കാരോ വാഹനങ്ങളോ മറ്റ് അനുബന്ധ സൗകര്യങ്ങളോയില്ല. വലിയ തീപിടിത്തമുണ്ടായാൽ മറ്റ് ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. വനമേഖല ഏറെയുള്ള പ്രദേശങ്ങളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് വലിയ പരിമിതിയാണ്. പലയിടത്തും ആകെയുള്ളത് ഒരു വാഹനമാണ്. തീ പിടിക്കുന്ന പല പ്രദേശങ്ങളിലും വാഹനങ്ങളെത്തില്ല.
ഫയർലൈൻ തെളിക്കാറില്ല
വനാതിർത്തിയിൽ ഫയർലൈൻ സ്ഥാപിക്കാത്തത് പ്രശ്‌നമാണ്. ശരാശരി 5.2 മീറ്റർ വീതിയിൽ രണ്ട് വശത്ത് നിന്നും കാടുവെട്ടി മദ്ധ്യഭാഗം കത്തിച്ചുകളയുകയാണ് ചെയ്യുന്നത്. ഇതിനായി ലക്ഷങ്ങൾ ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും ഒന്നു ചെയ്യാറില്ലെന്നാണ് ആക്ഷേപം.
മകരം 28 പേടിസ്വപ്നം
മകരമാസം 28 എന്ന് കേൾക്കുന്നത് ഇപ്പോൾ ഫയർഫോഴ്സ് ജീവനക്കാർക്ക് പേടിസ്വപ്നമാണ്. രാജഭരണകാലം മുതൽ മകരം 28ന് കാടുപിടിച്ച സ്ഥലങ്ങൾ തീയിട്ട് കൃഷിക്കായി ഒരുക്കുന്ന പതിവുണ്ട്. പലയിടത്തും ഇന്നും ഈ ആചാരം തുടരുന്നത് നിയന്ത്രണാതീതമായി തീ പടരാനിടയാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇളംദേശത്തും സംഭവിച്ചത് ഇതാണ്. പണ്ട് തീയിട്ടിരുന്ന വിജനമായ കാടുകൾ ഇന്ന് ജനവാസമേഖലയാണെന്നതിനാൽ വലിയ അപകടങ്ങൾക്ക് ഇത് കാരണമാകും.