ഇടുക്കി: വേനൽക്കാലം ആരംഭിച്ചതോടെ പകൽ താപനില ക്രമാതീതമായി ഉയരുന്നതിനാൽ വിവിധ സ്ഥലങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിട്ടു. ഏപ്രിൽ 30 വരെയാണ് സമയം പുനഃക്രമീകരിച്ചത്. പകൽ ഷിഫ്‌റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായി നിജപ്പെടുത്തി. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള മറ്റു ഷിഫ്‌റ്റുകളിലെ ജോലിസമയം ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന പ്രകാരവും വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന പ്രകാരവുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തൊഴിലുടമകൾ തൊഴിലാളികളുടെ ജോലിസമയത്തിൽ വീഴ്ച വരുത്തിയാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും തൊഴിലാളികൾ ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ വെയിലത്ത് പണിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വിവരം അറിയിക്കണമെന്നും ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ഫോൺ 04862 222363, 227898, 8547655396, 9446743851.