മുട്ടം: മലങ്കര അണക്കെട്ടിൽ ജലനിരപ്പ് 41.24 മീറ്ററായി ഉയർത്തി. അണക്കെട്ടിന്റെ പരമാവധി ജലസംഭരണ ശേഷി 42 മീറ്ററാണ്. കഴിഞ്ഞ മാസം 10 മുതൽ ജലനിരപ്പ് കൂടിയും കുറഞ്ഞും നിലനിന്നിരുന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളായിട്ട് ഈ അവസ്ഥയാണ് തുടരുന്നത്. അണക്കെട്ടിന്റെ രണ്ട് വശങ്ങളിൽ നിന്നുള്ള കനാലിലൂടെ വെള്ളം കടത്തി വിടുന്നതിനാണ് ജലനിരപ്പ് ഉയർത്തിയിരിക്കുന്നത്. എല്ലാ വർഷവും വേനൽ ശക്തമാകുന്നതോടെ അണക്കെട്ടിൽ നിന്നുള്ള വെള്ളം കനാലിലൂടെ കടത്തി വിടുന്നത് പതിവാണ്. വലത് വശത്തുള്ള കനാൽ മണക്കാട്, കൂത്താട്ടുകുളം ഭാഗത്തേക്കും ഇടത് കനാൽ കുമാരമംഗലം, പോത്താനിക്കാട് മേഖലയിലേക്കുമാണ് എത്തുന്നത്. വേനൽ ശക്തമായാൽ കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കും മലങ്കരയിൽ നിന്നു വർദ്ധിച്ചതോടെ ഇവിടെ നിന്ന് പുറം തള്ളുന്ന വെള്ളത്തിന്റെ അളവ് ഉയർന്നിരുന്നു. മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്ന് പുറം തള്ളുന്ന വെള്ളമാണ് പ്രധാനമായും മലങ്കര അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്.