കാഞ്ഞാർ: കാഞ്ഞാർ - കുടയത്തൂർ മേഖലകളിൽ വൈദ്യുതി മുടക്കം പതിവായി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പകലും രാത്രിയും തുടർച്ചയായി വൈദ്യുതി മുടങ്ങി.ശക്തമായ ചൂട് നിലനിൽക്കുന്നതിനാൽ വൈദ്യുതി മുടക്കം നാട്ടുകാർക്കും വ്യാപാരികൾക്കും ഇരുട്ടടിയാവുകയാണ്. ലൈനിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റാത്തതാണ് വൈദ്യുതി മുടങ്ങുവാൻ കാരണമെന്ന് ജനം പറയുന്നു. വൈദ്യുതി ഓഫീസിലേക്ക് വിളിച്ച് പറഞ്ഞാലും തകരാർ പരിഹരിക്കാൻ ഏറെ കാലതാമസവും ഉണ്ടാവുന്നുണ്ട്. പകൽ സമയങ്ങളിൽ തുടരെ വൈദ്യുതി മുടങ്ങുന്നത് വൈദ്യുതി ഉപയോഗിച്ച് വിവിധ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കാണ് ഏറെ പ്രശ്‌നമാകുന്നത്. മൂലമറ്റം പവർഹൗസിന്റെ അടുത്ത പ്രദേശത്ത് പോലും മുടക്കമില്ലാതെ വൈദ്യുതി വിതരണം നടത്തുവാൻ കഴിയാത്തത് അധികൃതരുടെ അലംഭാവമാണെന്ന് നാട്ടുകാർ ആരോപിച്ചു.