കട്ടപ്പന:പിഞ്ചുകുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോയി മടങ്ങിയ കുടുംബത്തിന് നേരെ കട്ടപ്പന സി.ഐ അതിക്രമം കാട്ടിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.
സന്യാസിഓട കിഴക്കേമഠത്തിൽ കൃപമോൻ (21), അച്ഛൻ കൃഷ്ണൻകുട്ടി (52)എന്നിവരെ മർദ്ദിക്കുകയും കൃപമോന്റെ അമ്മ വത്സമ്മ, സഹോദരി കൃപമോൾ, സഹോദരീഭർത്താവ് കല്ലൂപറമ്പിൽ അഭിജിത്ത് എന്നിവരെ അധിക്ഷേപിക്കുകയും ചെയ്തതായി കട്ടപ്പന ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. ചൊവ്വാഴ്ച രാത്രി 8.30 നായിരുന്നു സംഭവം.
കൃപമോളുടെ 30 ദിവസം പ്രായമുള്ള കുട്ടിയെ കോട്ടയത്തെ ആശുപത്രിയിൽ ചികിത്സിച്ച ശേഷം ജീപ്പിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു. മാട്ടുക്കട്ടയിൽ വച്ച് മുന്നിൽ പോയ കാർ പെട്ടെന്നു ബ്രേക്കിട്ടതിനാൽ ജീപ്പ് വെട്ടിച്ചു നിറുത്തിയപ്പോൾ ജീപ്പിന്റെ ഹാൻഡ് ബാറിൽ കുഞ്ഞിന്റെ ദേഹം തട്ടി. കാറിൽ സിവിൽ ഡ്രസിലിരിക്കുന്നത് കട്ടപ്പന സി.ഐ വി.എസ്. അനിൽകുമാറാണെന്ന് അറിയാതെ 'എവിടെ നോക്കിയാണ് വണ്ടി ഓടിക്കുന്നതെന്ന്'' ജീപ്പിലുള്ളവർ ക്ഷുഭിതരായി ചോദിച്ചു. തുടർന്ന് മദ്യലഹരിയിലായിരുന്ന സി.ഐയും ഡ്രൈവറും അസഭ്യം പറഞ്ഞതായി ഇവർ പറയുന്നു. മറുപടി പറയാതെ ജീപ്പെടുത്ത് കുടുംബം മുന്നോട്ടുപോയി. പിന്നാലെയെത്തിയ സി.ഐയുടെ കാർ നാലുതവണ ജീപ്പിനെ മറികടന്ന് വിലങ്ങാൻ ശ്രമിച്ചു. കട്ടപ്പന നഗരത്തിലെ ഇടശേരി ജംഗ്ഷനിലെത്തിയപ്പോൾ വീണ്ടും കാർ വിലങ്ങാൻ ശ്രമിച്ചപ്പോൾ ഇടവഴിയിലൂടെ ജീപ്പ് ഓടിച്ച് കട്ടപ്പന പൊലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നാലെ കാറിലെത്തിയ സി.ഐ, കൃപമോനെയും അച്ഛനെയും സ്റ്റേഷന്റെ അകത്തേക്ക് കൊണ്ടുപോയി മർദ്ദിച്ചെന്നും കുട്ടിയുമായി എത്തിയ കൃപമോളോടും വത്സമ്മയോടും ലൈംഗികച്ചുവയിൽ അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നു. കൃപമോനെതിരെ കേസെടുത്ത് താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ജാമ്യത്തിൽ വിട്ടു. രാത്രിയിൽ തന്നെ കൃപമോനും അച്ഛനും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചയോടെ ഡിവൈ.എസ്.പിക്ക് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹൻ പറഞ്ഞു.
ആരോപണം നിഷേധിച്ച് സി.ഐ
''ഡ്രൈവർക്കൊപ്പം സ്വകാര്യ വാഹനത്തിൽ വരുമ്പോഴാണ് അമിതവേഗത്തിൽ ജീപ്പ് പോകുന്നത് കണ്ടത്. വാഹനം പരിശോധിക്കണമെന്ന് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചു. പൊലീസ് കൈകാട്ടിയിട്ടും നിറുത്താതെ ഓടിയ വാഹനം പൊലീസ് സ്റ്റേഷനു മുമ്പിൽ എത്തിയപ്പോൾ ആളെ പുറത്തിറക്കി ചോദ്യം ചെയ്യുകയായിരുന്നു. കൃപമോനെതിരെ കേസെടുത്തിട്ടില്ല. ഒരു മണിക്കൂർ കരുതൽ തടങ്കലിൽ പാർപ്പിച്ചതാണ്. താൻ മദ്യലഹരിയിലായിരുന്നെന്ന ആരോപണം തെറ്റാണ്. ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനായിരുന്നു.
-സി.ഐ വി.എസ്. അനിൽകുമാർ