santhampara

രാജാക്കാട്: ശാന്തമ്പാറ റിജോഷ് വധക്കേസിലെ പ്രതി റിസോർട്ട് മനേജർ വസീമിനെ
കഴുതക്കുളം മേട്ടിലെ റിസോർട്ടിലെത്തിച്ച് തെളിവെടുത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കില്ലാത്തതിനാൽ റിജോഷിന്റെ ഭാര്യ ലിജിയെ തെളിവെടുപ്പിന് എത്തിച്ചില്ല. ഇന്നലെ രാവിലെയാണ് ഫാംഹൗസിനോട് ചേർന്നുള്ള ഔട്ട്ഹൗസ്, റിജോഷിന്റെ മൃതദേഹം കുഴിച്ച് മൂടിയ മഴവെള്ള സംഭരണിക്ക് സമീപം എന്നിവിടങ്ങളിൽ വസീമിനെയെത്തിച്ച് തെളിവെടുത്തത്. മൃതദേഹം മൂടാൻ ഉപയോഗിച്ച തൂമ്പയും പൊലീസ് കണ്ടെടുത്തു. താൻ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന് വസീം പൊലീസിന് മൊഴി നൽകി. ഔട്ട്ഹൗസിലുണ്ടായ പിടിവലിയിൽ റിജോഷ് തലയടിച്ച് വീഴുകയായിരുന്നു. തുടർന്ന് കുഴിയെടുത്ത് റിജോഷിനെ ഇതിലിട്ട് പെട്രോൾ ഒഴിച്ച് കത്തിക്കുമ്പോഴാണ് മരിച്ചതെന്നും വസീം പൊലീസിനോട് പറഞ്ഞു. സ്ഥലത്ത് വൻജനാവലി തടി‌ച്ചു കൂടിയിരുന്നു. വൻ സുരക്ഷയും പൊലീസ് ഒരുക്കിയിരുന്നു. അഞ്ച് സ്റ്റേഷനിൽ നിന്നുള്ള നൂറോളം പൊലീസ് എത്തിയിരുന്നു. മൂന്നാർ ഡിവൈ.എസ്.പി എം. രമേഷ് കുമാർ, ശാന്തമ്പാറ സി.ഐ പ്രദീപ്കുമാർ, രാജാക്കാട് സി.ഐ എച്ച്.എൽ. ഹണി തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.