നെടുങ്കണ്ടം: മഞ്ഞപ്പെട്ടി കാമാക്ഷിവിലസത്ത് പെരുന്തേനീച്ചയുടെ ആക്രമണത്തിൽ 13 സ്ത്രീ തൊഴിലാളികൾക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ പൊന്നാമല സ്വദേശികളായ കുഞ്ഞുമോൾ, ലിസി, കാമാക്ഷിവിലാസം സ്വദേശികളായ എൽസമ്മ, വിജയ, ജ്യോതി, മഹേശ്വരി, മീനമ്മാൾ, ഈശ്വരി, ജയന്തി, തമിഴ്‌നാട്ടിൽ നിന്നും എത്തിയ വിജി, റാണി, കാമാക്ഷി, പൊന്നുത്തായി എന്നിവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ മഹേശ്വരി, മീനമ്മാൾ എന്നിവർ തീവ്രപരിചരണ വിഭാഗത്തിലാണ്.
കാമാക്ഷിവിലാസം മേഘ പ്ലാന്റേഷനിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കവാത്ത് ജോലി ചെയ്യുന്നതിനിടെ മണ്ണിനടിയിലെ പെരുന്തേനീച്ചയുടെ കൂട്ടിൽ വാക്കത്തി കൊണ്ടതോടെ ഈച്ച ഇളകുകയായിരുന്നു. 25ൽപ്പരം തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്. തൊഴിലാളികൾ ചിതറിയോടിയെങ്കിലും കുത്തേൽക്കുകയായിരുന്നു. പരിക്കേറ്റ ചിലർക്ക് ശാരീരികാസ്വാസ്ഥ്യവും ഛർദിയുമുണ്ടായി.