ചെറുതോണി: കേരള മദ്യനിരോധന സമിതി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സംസ്ഥാന വാഹനജാഥയ്ക്ക് ജില്ലയുടെ 13 കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. തങ്ങളുടെ പ്രദേശത്ത് മദ്യശാല വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയിരുന്ന പഞ്ചായത്ത്/ നഗരസഭാ നിയമത്തിലെ 232, 447 വകുപ്പുകൾ പുനഃസ്ഥാപിക്കുക, പുതുതായി അനുവദിച്ച മുഴുവൻ ബാറുകളും അടയ്ക്കുക, മദ്യലഭ്യത കുറയ്ക്കാനുള്ള കേരള സർക്കാരിന്റെ സമയബന്ധിത പരിപാടി പ്രഖ്യാപിക്കുക, എല്ലാ മദ്യശാലകളുടെയും പ്രവർത്തനസമയം പരമാവധി രാത്രി എട്ട് വരെയാക്കുക, ഡ്രൈ ഡേ ഒഴിവാക്കാനും പബ്ബുകൾ ആരംഭിക്കുവാനുമുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു വാഹനജാഥ. ചെറതോണിയിലെ സ്വീകരണയോഗം സമിതി സംസ്ഥാന സെക്രട്ടറി ഡോ. വിൻസന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടൻ ഫാ. വർഗീസ് മുഴത്തേറ്റ്, സംസ്ഥാന ജനറൽ സെക്രട്ടറി സി.സി.സാജൻ, സെബാസ്റ്റ്യൻ കൊച്ചടിവാരം, കെ.എ. ഗോവിന്ദൻ, സി.ആർ. വിനോദ്, അലവിക്കുട്ടി ബാഖവി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. 20ന് തിരുവനന്തപുരത്ത് എത്തുന്ന ജാഥയുടെ സമാപനസമ്മേളനം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.