കട്ടപ്പന: ഗാർഹിക പാചകവാതക വില കുത്തനെ ഉയർത്തിയത് കുടുംബ ബഡ്ജറ്റ് താളംതെറ്റിക്കുമെന്ന് വീട്ടമ്മമാർ ഒന്നടങ്കം പറയുന്നു. സിലിണ്ടറിനു 146.5 രൂപ ഒറ്റയടിക്ക് കൂട്ടിയതോടെ അടുക്കളയിലെ 'കണക്കുകൂട്ടലുകൾ' തെറ്റുമെന്നുറപ്പാണ്. ഒരുവർഷം 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കിൽ ലഭിക്കുന്നത്. എന്നാൽ വിറകിനു ക്ഷാമമുള്ള നഗരപ്രദേശങ്ങളിലെ കുടുംബങ്ങൾക്കാണ് ഇപ്പോഴത്തെ വില വർധന തിരിച്ചടിയാകുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു പുറമേ പാചകവാതക വില വർധനയും ഇടിത്തീയാകുമ്പോൾ തീൻമേശകളിൽ വിഭവങ്ങൾ കുറയുമെന്നുറപ്പ്. 14.2 കിലോഗ്രാം എൽ.പി.ജി. സിലിണ്ടറിനു പുതിയ നിരക്ക് അനുസരിച്ച് കട്ടപ്പനയിൽ 860 രൂപയും നെടുങ്കണ്ടത്ത് 862 രൂപയുമാണ്. ജി.എസ്.ടിക്ക് പുറമേ ഏജൻസികൾ ഉപയോക്താക്കൾക്ക് അതത് മേഖലകളിൽ വാഹനങ്ങളിൽ എത്തിച്ചു നൽകുന്നതിന്റെ സർവീസ് ചാർജും ഉൾപ്പെടെ വില 900 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും. സബ്സിഡിക്ക് അർഹതയുള്ളവർക്ക് സിലിണ്ടറിനു ഏഴു രൂപയോളം കൂടുതൽ നൽകണം. ഏജൻസികൾ വരുത്തുന്ന വീഴ്ചമൂലം സബ്സിഡി ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
''പച്ചക്കറികൾക്ക് ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്ക് പൊള്ളുന്ന വിലയാണ്. ഇതിനിടെ ഗ്യാസ് സിലിണ്ടറുകൾക്ക് കൂടി വില കൂട്ടിയത് വീട്ടുചെലവ് വർദ്ധിക്കാൻ കാരണമാകും. ടൗണിൽ താമസിക്കുന്നതിനാൽ വിറക് കിട്ടാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ സബ്സിഡി നിരക്കിലുള്ളതിനേക്കാൾ ഇരട്ടിയോളം സിലിണ്ടറുകൾ വേണ്ടിവരുന്നുണ്ട്.
-ശ്യാമ സൂര്യലാൽ കട്ടപ്പന (അവതാരക, വീട്ടമ്മ)
''ഏലക്ക ഒഴികെയുള്ള കാർഷിക വിളകൾക്ക് വിലയില്ലാത്ത സാഹചര്യത്തിൽ ഒറ്റയടിക്ക് പാചകവാതക വില വർദ്ധിപ്പിച്ചത് ഇടുക്കിയിലെ കർഷക കുടുംബങ്ങൾക്ക് ബുദ്ധിമുട്ടാകും. നിത്യോപയോഗ സാധനങ്ങൾക്ക് ഓരോ ദിവസവും വില കൂടുകയാണ്. സാധാരണക്കാരെ ദുരിതത്തിലാക്കുന്ന വിലക്കയറ്റം തടയാൻ സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണം.
-സോണിയ ജെയ്ബി കട്ടപ്പന(വീട്ടമ്മ)
''കുടുംബ ബഡ്ജറ്റ് താളംതെറ്റിക്കുന്ന പാചകവാതക വില വർദ്ധന തടയാൻ നടപടി വേണം. ഗൃഹനാഥന്റെ വരുമാനത്തെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങളാണ് ഏറെയും. നേരത്തെ 30 ഉം 40 രൂപയായിരുന്നു കൂട്ടിയിരുന്നത്. ഇത്ര വലിയ തുക ഒരു സിലിണ്ടറിനു കൂട്ടിയത് സാധാരണക്കാർക്കാണ് ബുദ്ധിമുട്ടാകുന്നത്.
-സുനി ബോബൻകട്ടപ്പന(വീട്ടമ്മ)