പീരുമേട് :സബ് ജയിലിലെ ജലക്ഷാമത്തിന് പരിഹാരമായി തൊഴിലുറപ്പ് പദ്ധതിയിൽഉൾപ്പെടുത്തി മഴവെള്ള സംഭരണി നിർമ്മിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്തിന്റെയും പീരുമേട് ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് ജയിൽ വളപ്പിൽ 76930 ക്യുബിക് ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പൂർത്തീകരിച്ചത്.
221 അവിദഗ്ദ്ധ തൊഴിൽ ദിനങ്ങളും 110 അർദ്ധ വിദഗ്ദ്ധ തൊഴിൽ ദിനങ്ങളും 11 വിദഗ്ദ്ധ തൊഴിൽ ദിനങ്ങളും വേണ്ടണ്ടിവന്നു പണി പൂർത്തിയാക്കാൻ. 3,72,311 രൂപ ചെലവഴിച്ചു.
പീരുമേട് ഗ്രാമപഞ്ചായത്തിലെ 15ാം വാർഡായ സിവിൽ സ്റ്റേഷൻ ഭാഗത്താണ് വിചാരണ തടവുകാരെ പാർപ്പിക്കുന്ന പീരുമേട് സബ് ജയിൽ. 70ലേറെ തടവുകാരും ജയിൽ ഉദ്യോഗസ്ഥരുമുള്ള ഇവിടെ വേനലിൽ ജലക്ഷാമം രൂക്ഷമാകാറുണ്ട്. ജയിലിന് സമീപത്തെ ബ്ലോക്ക് പഞ്ചായത്തിന്റെ കിണറിൽ നിന്നാണ് ജയിലിലേക്ക് വെള്ളം ശേഖരിക്കുന്നത്. വേനൽക്കാലത്ത് പലപ്പോഴും ആവശ്യത്തിന് കുടിവെള്ളം ലഭിക്കാറില്ല. ഈ സാഹചര്യത്തിൽ ജയിൽ സൂപ്രണ്ട്, പീരുമേട് ഗ്രാമപഞ്ചായത്തിലും അഴുത ബ്ലോക്ക് പഞ്ചായത്തിലും ജലക്ഷാമത്തെ കുറിച്ച് ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി മഴവെള്ള സംഭരണി നിർമ്മിച്ച് നല്കിയത്.