തൊടുപുഴ : കേരളാ ഗണക മഹാസഭ തൊടുപുഴ ടൗൺ ശാഖയുടെ വാർഷിക സമ്മേളനം 16 ന് തൊടുപുഴ പെൻഷൻ ഭവനിൽ നടക്കും. രാവിലെ 9.30 ന് മഹാസഭ സംസ്ഥാന ട്രഷറർ ടി.കെ. വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചീഫ് ഓഡിറ്റർ പി.എസ്. ഗോപി മുഖ്യപ്രഭാഷണം നടത്തും. 24 മണിക്കൂർ ഓട്ടംതുള്ളൽ നടത്തി ഗിന്നസ് ബുക്കിൽ ഇടം നേടിയ ജയകുമാറിനെ സമ്മേളനത്തിൽ ആദരിക്കും.

ഒ.എൻ.വി അനുസ്മരണം

തൊടുപുഴ: കാഞ്ഞിരമറ്റം ഗ്രാമീണ വായനശാല സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മഹാകവി ഒ.എൻ.വിയുടെ ചലച്ചിത്ര ഗാനങ്ങളുടെ ആലാപനവും അനുസ്മരണ പ്രഭാഷണവും നടത്തി. വേദി പ്രസിഡന്റ് എസ്.ടി അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എസ്.ജി ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. തൊടുപുഴ സാഹിത്യവേദി അംഗം എം.എസ് ഇന്ദിര മുഖ്യപ്രഭാഷണം നടത്തി.

ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റ് ഉദ്ഘാടനം

പെരുമ്പിള്ളിച്ചിറ: കേരളാ വനിതാ ശിശു വികസന വകുപ്പിന്റെയും ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെയും അൽ- അസ്ഹർ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷന്റെയും സംയുക്താഭിമുഖ്യത്തിൽ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ക്ലബിന്റെ ജില്ലാതല പ്രവർത്തന ഉദ്ഘാടനം അൽ- അസ്ഹർ ക്യാമ്പസിൽ നടന്നു. ദക്ഷിണ മേഖലാ ഐ.ജിയും ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റിന്റെ നോഡൽ ഓഫീസറുമായ എസ്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജ് ദിനേശ് എം.പിള്ള അദ്ധ്യക്ഷത വഹിച്ചു. അൽ​- അസ്ഹർ ലാ കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഇക്ബാൽ സ്വാഗതം പറഞ്ഞു.

കൈപ്പശ്ശേരിൽ ജി. വിജയൻ നായരെ അനുസ്മരിച്ചു

തൊടുപുഴ: യൂത്ത് കോൺഗ്രസ് (ഐ) മുൻ ബ്ളോക്ക് പ്രസിഡന്റും 33 വർഷമായി പുറപ്പുഴ എൻ.എസ്.എസ് കരയോഗത്തിന്റെയും പുതുച്ചിറക്കാവ്​ മൂവേലി ഉമാമഹേശ്വര ക്ഷേത്രത്തിന്റെയും പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന വിജയൻ നായരുടെ മൂന്നാം അനുസ്മരണവും പുഷ്പാർച്ചനയും പുറപ്പുഴ എൻ.എസ്.എസ് ഹാളിൽ നടന്നു. കരിങ്കുന്നം മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.ജെ. അവിരാച്ചന്റെ അദ്ധ്യക്ഷതയിൽ തൊടുപുഴ താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ അനുസ്മരണ സന്ദേശം നൽകി. പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി,​ വൈസ് പ്രസിഡന്റ് റെനീഷ് മാത്യു,​ പുറപ്പുഴ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ഇടയാടിയിൽ ഗോപാലൻ നായർ,​ ധർമ്മാംഗദ കൈമൾ,​ കരുണാകരൻ നായർ ചേറാടിയിൽ,​ സോമി വട്ടക്കാട്ട്,​ കരുണാകരൻ വള്ളിക്കെട്ടിൽ,​ എം.ജെ ജോൺസൺ എന്നിവർ പങ്കെടുത്തു. പുറപ്പുഴ ഗവ. എൽ.പി സ്കൂളിലെ നിർദ്ധനരായ നാല് കുട്ടികൾക്ക് എല്ലാ വർഷവും വിജയൻ നായർ മെമ്മോറിയൽ എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണം ചെയ്യാനും തീരുമാനിച്ചു. ആദ്യ സ്കോളർഷിപ്പ് വിതരണം കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി. കെ. പൗലോസ് നിർവഹിച്ചു.