മുട്ടം: എൻജിനീയറിങ്ങ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെക്കുറിച്ച് കേസെടുത്ത് അന്വേഷിക്കണമെന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുട്ടം പൊലീസിന് നിർദ്ദേശം നൽകി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജിലെ സീനിയർ- ജൂനിയർ എസ്.എഫ്.ഐ വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഇത് സംബന്ധിച്ച് ജൂനിയർ വിദ്യാർത്ഥികൾ പ്രിൻസിപ്പലിന് നൽകിയ പരാതിയെ തുടർന്ന് ഡിജിൻ, അഭിനന്ദ് എന്നീ വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിക്കുകയോ ജൂനിയർ വിദ്യാർത്ഥികളെയും സസ്‌പെന്റ് ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് പ്രിസിപ്പലിനെയും കോളേജിലെ ഇരുപതോളം ജീവനക്കാരെയും എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച തടഞ്ഞു വെച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ മുട്ടം എസ്.ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രശ്ന പരിഹാരത്തിനായി ശ്രമിച്ചെങ്കിലും തീരുമാനമായില്ല. ഇരു വിഭാഗം വിദ്യാർത്ഥികളുടെയും മൊഴി പ്രകാരം നിജസ്ഥിതി വിവരം പൊലീസ് കോടതിക്ക് കൈമാറി. കോടതി നിർദ്ദേശ പ്രകാരം ഡിജിൻ, അഭിനന്ദ്, ജസ്റ്റിൻ, ശരത്ത് എന്നീ വിദ്യാർത്ഥികളുടെ പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥികളുടെ പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനാൽ സസ്‌പെന്റ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുക്കാൻ കോളേജ് അധികൃതർ തീരുമാനിച്ചു.