കട്ടപ്പന: അപൂർവ ഇനം പക്ഷിയായ ഷഹീൻ ഫാൽക്കണെ രാമക്കൽമേട്ടിൽ കണ്ടെത്തി. കേരളതമിഴ്നാട് അതിർത്തിയിലെ ചെങ്കുത്തായ പാറയുടെ സമീപത്താണ് പക്ഷി വിരുന്നെത്തിയത്. പക്ഷി നിരീക്ഷകരുടെ കൂട്ടായ്മയായ നാറ്റ് ട്രയൽസാണ് പക്ഷി കണ്ടെത്തിയത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന ഇവ കേരളത്തിൽ അപൂർവമാണ്. മണിക്കൂറിൽ 240 കിലോമീറ്ററാണ് ഷഹീൻ ഫാൽക്കന്റെ വേഗം. ഇരയുമായി കുതിക്കുമ്പോൾ വേഗം 320 കിലോമീറ്റർ വരെയാണ്. അതിശക്തമായ കാറ്റിലും ദിശതെറ്റാതെ പറക്കാനുള്ള ശേഷി, പറക്കുന്നതിനിടെയുള്ള ഇരപിടുത്തം തുടങ്ങിയവ ഇവയുടെ പ്രത്യേകതയാണ്. സാധാരണയായി ഒറ്റയ്ക്ക് കാണപ്പെടുന്ന ഷഹീൻ ഫാൽക്കൺ പ്രജനനകാലത്ത് മാത്രമാണ് ഇണചേരുന്നത്. മറ്റ് പെരിഗ്രേൻ ഫാൽക്കണുകളിൽ നിന്ന് വ്യത്യസ്തമായി ദേശാടനം നടത്താതെ ആവാസ വ്യവസ്ഥയാക്കിയ മേഖലയിൽ തന്നെയാണ് പ്രജനനത്തിന് ഇടം കണ്ടെത്തുന്നത്. ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് പ്രജനന കാലം. ചെങ്കുത്തായ പാറക്കെട്ടുകളിലെ പൊത്തുകളാണ് വാസകേന്ദ്രം. തത്ത, പ്രാവ്, മാടത്ത പോലുള്ള ചെറുപക്ഷികളാണ് ഭക്ഷണം. വിമാനം ലാൻഡ് ചെയ്യുന്നതുപോലെയാണ് ഇവയും പറന്നിറങ്ങുന്നത്. രാമക്കൽമേട്ടിലെ പുൽമേടുകളിലെ ചെറുപക്ഷികളുടെ സാന്നിധ്യമാകാം ഷഹീൻ ഫാൽക്കണെ ഇവിടെ കൂടൊരുക്കാൻ ആകർഷിച്ചതെന്നാണ് പക്ഷി നിരീക്ഷകരുടെ വിലയിരുത്തൽ.