തൊടുപുഴ: മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വനിത പ്രൊട്ടക്ഷൻ കൗൺസിൽ ഓഫീസിനു മുന്നിൽ യുവതിയുടെ ആത്മഹത്യാഭീഷണി. എറണാകുളം വൈറ്റില സ്വദേശിനിയായ 35കാരിയാണ് പെട്രോൾ ഒഴിച്ച് ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഭർത്താവും രണ്ടു മക്കളുമുള്ള യുവതി കുമളി സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നു. ഇതറിഞ്ഞ ഭർത്താവ് യുവതിയെ ഉപേക്ഷിച്ചു. പിന്നീട് യുവാവ് തന്നെ ചതിച്ചു എന്നും പരാതി നൽകിയിട്ടും ഇയാൾക്കെതിരെ നടപടി എടുക്കാൻ വുമൺ പ്രൊട്ടക്ഷൻ ഓഫീസ് അധികൃതർ തയാറാകുന്നില്ലെന്നാരോപിച്ചാണ് ജീവൻ ഒടുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇവർ കുപ്പിയിൽ പെട്രോളും കരുതിയിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് വനിതാ പൊലീസ് എത്തി ഇവരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. പിന്നീട് അനുനയിപ്പിച്ച് വീട്ടിലേക്ക് മടക്കിയയച്ചു.