തൊടുപുഴ: കത്തോലിക്ക വൈദികൻ നടത്തുന്ന അഗതിമന്ദിരത്തിൽ വളർന്ന യുവതിയുടെ താലിക്കെട്ട് നടന്നത് ക്ഷേത്രത്തിൽ, സദ്യയൊരുക്കിയത് സന്തോഷ് ട്രോഫി താരം പി.എ. സലിംകുട്ടി. തൊടുപുഴ ആസാദ് ബുക് സെന്റർ സ്ഥാപകൻ ഫാ. മാത്യു ജെ. കുന്നത്തിന്റെ സേവ്യേഴ്‌സ് ഹോമിലെ അന്തേവാസിയായ ദേവിയുടെ വിവാഹമാണ് എല്ലാവരും ആഘോഷമാക്കിയത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കുമ്പോഴാണ് ദേവി സേവ്യേഴ്സ് ഹോമിൽ എത്തിച്ചേരുന്നത്. പ്ലസ് ടു വിദ്യാഭ്യാസത്തിനു ശേഷം തയ്യൽ ജോലികൾ പഠിച്ച് സേവ്യേഴ്‌സ് ഹോമിലെ കുഞ്ഞുങ്ങളെ നോക്കി വരുന്നതിനിടയിലാണ് വിവാഹ അഭ്യർത്ഥനയുമായി പുതുപ്പരിയാരം സ്വദേശി അഖിൽ എത്തുന്നത്. അഖിലിന്റെ മാതാപിതാക്കളുമായി കുന്നത്തച്ചൻ സംസാരിച്ചാണ് വിവാഹം ഉറപ്പിച്ചത്. വ്യാഴാഴ്ച ഹിന്ദു ആചാരപ്രകാരം ഇരുവരുടെയും വിവാഹം നടന്നു. തുടർന്ന് സേവ്യേഴ്‌സ് ഹോമിൽ വിരുന്നുസത്കാരം ഒരുക്കി. വിവാഹം ആഘോഷമാക്കാൻ സേവ്യേഴ്‌സ് ഹോമിന്റെ അയൽവാസികളും അഭ്യുദയകാംക്ഷികളും സജീവമായി രംഗത്തുണ്ടായിരുന്നു. വെള്ളം എത്തിച്ചത് അയൽവാസിയായ സുബൈർ. ഹോട്ടൽ ഉടമ കൂടിയായ മുൻ സന്തോഷ് ട്രോഫി താരം പി.എ. സലിംകുട്ടിയാണ് സദ്യവട്ടങ്ങളൊരുക്കിയത്. ഫാ. ഫ്രാൻസിസ് ചേലപ്പുറത്ത്, ആകാശപ്പറവയിലെ ഷാജൻ കുന്നിലേടത്ത്, മുനിസിപ്പൽ കൗൺസിലർ ഷേർളി ജയപ്രകാശ്, ജോസ് സി പീറ്റർ തുടങ്ങി നിരവധിയാളുകൾ വിവാഹസത്കാരത്തിന് മുൻനിരയിലുണ്ടായിരുന്നു. മുനിസിപ്പൽ ചെയർപേഴ്‌സൺ ജെസി ആന്റണി, കൗൺസിലർ ഷാഹുൽ ഹമീദ്, സെന്റ് മേരീസ് ആശുപത്രിയിലെ ഡോക്ടർമാരായ മാത്യു, ജേക്കബ്ബ്, തോമസ്, ജോഷി തുടങ്ങിയവർ ആശംസ നേരാനെത്തിയിരുന്നു.