തൊടുപുഴ: മൃഗസംരക്ഷണ വകുപ്പിന്റെ തൊടുപുഴ കോലാനി പൗൾട്രി ഫാമിലെ പന്നികളിൽ ബ്രൂസില്ല രോഗബാധ കണ്ടെത്തി. മൃഗസംരക്ഷണ വകുപ്പ് കോലാനിയിലെ ഫാമിൽ പന്നികളുടെ രക്തസാമ്പിളിൽ നടത്തിയ പരിശോധനയിലാണ് രോഗ സാനിധ്യം കണ്ടെത്തിയത്. രോഗം മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതിനാൽ രോഗം കണ്ടെത്തിയ 20 പന്നികളെ മൃഗസംരക്ഷണ വകുപ്പ് കൊന്നു കുഴിച്ചുമൂടി. 11 വലിയ പന്നികളെയും ഒമ്പത് കുഞ്ഞുങ്ങളെയുമാണ് കൊന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ലയിലെയും തിരുവനന്തപുരത്തെയും ലാബുകളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ രോഗ ബാധയുണ്ടാകാൻ സാധ്യത കണ്ടെത്തിയ പന്നികളെ ഫാമിൽ വെച്ച് തന്നെ നശിപ്പിക്കുകയായിരുന്നു. രോഗാണുക്കൾ മനുഷ്യരിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് മുൻകരുതൽ നടപടികളെടുത്തത്. ഫാമിലേക്കു പ്രവേശനം നിയന്ത്രിക്കുകയും ചെയ്തതോടെ നാട്ടുകാർ അശങ്കയിലായി. യാതൊരു ആശങ്കയും വേണ്ടെന്നും നാട്ടുകാർക്കും ഫാമിലെ ജീവനക്കാർക്കും ബോധവത്കരണം നൽകുമെന്നും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. ഫാമിലെ ജീവനക്കാർക്കും ഡോക്ടർമാർക്കും ആരോഗ്യ പരിശോധന കർശനമാക്കി. വരുന്ന ആറ് മാസം ഫാമിന്റെ പ്രവർത്തനം പ്രത്യേക നിരീക്ഷണത്തിലായിരിക്കും.
ബ്രൂസെല്ലോസിസ് രോഗം എന്ത്
പശു, ആട്, പന്നി, നായ തുടങ്ങിയ വളർത്തു മൃഗങ്ങളെ ബാധിക്കാൻ ഇടയുള്ള പ്രധാനപ്പെട്ട സാംക്രമിക രോഗങ്ങളിലൊന്നും പകർച്ചവ്യാധിയുമാണ് ബ്രൂസെല്ലോസിസ് രോഗം. രോഗാണു ബാധയേറ്റ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരാൻ സാധ്യതയേറെയുള്ള ജന്തു ജന്യരോഗങ്ങളിലൊന്നാണിത്. മെഡിറ്ററേനിയൻ പനി, മാൾട്ടാ പനി, ബാംഗ്ഷസ് രോഗം തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന ലോകമെമ്പാടും വ്യാപകമായ അസുഖമാണിത്.