അടിമാലി : അടിമുടി ജനകീയമാക്കാൻപൊലീസ് സേനക്കൊപ്പം സ്റ്റേഷനുകളും .അടിമാലി ജനമൈത്രി പൊലീസ് സ്റ്റേഷനും മാറ്റത്തിന്റെ പാതയിലാണ്. കഴിഞ്ഞ ഒരാഴ്ച്ചകൊണ്ട് സ്റ്റേഷനും പരിസരവും ആകെ മാറി കഴിഞ്ഞു. പൊതുജനങ്ങൾക്കിടയിൽ പൊലീസ് സ്റ്റേഷൻ സംബന്ധിച്ച് നിൽക്കുന്ന ഭയം ഒഴിവാക്കുന്നതിനും സ്റ്റേഷന്റെ സേവനത്തെപ്പറ്റി ആളുകൾക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനുമാണ് പുതിയ നടപടി.റിസപ്ഷന് തൊട്ടുമുകളിൽ സ്റ്റേഷന്റെ സമ്പൂർണ്ണ വിവരങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയിട്ടുള്ള ഡിജിറ്റൽ നോട്ടീസ് ബോഡാണ് ശ്രദ്ധേയം.സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥർ ആരൊക്കെ ,ഫോൺ നമ്പരുകൾ, മറ്ററിയിപ്പുകൾ എല്ലാം ഡിജിറ്റൽ ബോർഡിൽ നിന്നും വായിച്ചെടുക്കാം.സ്റ്റേഷൻ കവാടവും മതിലുകളും വിവിധ ചിത്രങ്ങൾ തീർത്ത് മനോഹരമാക്കിയിട്ടുണ്ട്.
പൂന്തോട്ടത്തിന്റെയും ഡിജിറ്റൽ ബോഡിന്റെയും ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി പി കെ മധു നിർവ്വഹിച്ചു.
പൂന്തോട്ടവും വർണ്ണ ചിത്രങ്ങളുമെല്ലാം അടിമാലി സ്റ്റേഷനെ കൂടുതൽ ജനകീയമാക്കുമെന്ന് മൂന്നാർ ഡിവൈഎസ് പി എം രമേശ് കുമാർ അഭിപ്രായപ്പെട്ടു.
ഗതാഗത ബോധവൽക്കരണം,കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ തുടങ്ങി വിവിധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ചിത്രങ്ങളാണ് സ്റ്റേഷൻ മതിലിൽ വരച്ച് ചേർത്തിട്ടുള്ളത്.വൈകാതെ സ്റ്റേഷനോട് ചേർന്ന് ചൈൽഡ് ഫ്രണ്ട്ലി റൂമും പ്രവർത്തന സജ്ജമാകും.സ്റ്റേഷനോട് ചേർന്ന് നാളുകൾക്ക് മുമ്പെ പൊലീസ് ഉദ്യോഗസ്ഥർ നിർമ്മിച്ചിട്ടുള്ള മീൻ കുളവും ജനശ്രദ്ധയാകർഷിക്കുന്നതാണ്.