മുട്ടം: എഞ്ചിനീയറിങ്ങ് കോളേജിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ ഇന്നലെ ചേർന്ന പി ടി യെ യുടെ അടിയന്തിര എക്സിക്യൂട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാമ്പസിലും വെളിയിലുമായി വിദ്യാർഥികൾ തമ്മിൽ നില നിന്നിരുന്ന സംഘർഷത്തെ തുടർന്നാണ് ഇന്നലെ രാവിലെ കോളേജിൽ പി ടി യെ യുടെ അടിയന്തിര യോഗം ചേർന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കോളേജ് കേന്ദ്രീകരിച്ചുണ്ടായ പ്രശ്നങ്ങളിൽ കുറ്റക്കാരായ വിദ്യാർത്ഥികളേയും അവരുടെ രക്ഷാകർത്താക്കളെയും പി ടി യെ യോഗത്തിൽ വിളിച്ച് വരുത്തിയിരുന്നു. വിദ്യാർത്ഥികൾ ഖേദം പ്രകടിപ്പിക്കുകയും തെറ്റുകൾ ആവർത്തിക്കില്ല എന്ന് യോഗത്തിൽ അറിയിക്കുകയും ചെയ്തതായി പി ടി യെ അംഗങ്ങൾ പറഞ്ഞു. നിയമപരമായി കോളേജിൽ വിദ്യാർത്ഥികൾക്ക് അനുവദിച്ചിരിക്കുന്ന കാര്യങ്ങൾ ചെയ്യാൻ അനുമതി നൽകും. വിദ്യാർത്ഥികളുടെ വിവിധ സംഘടനകൾക്ക് ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ ഒരേ രീതിയിൽ പ്രവർത്തിക്കാൻ തടസമുണ്ടാകില്ല. കോളേജിന്റെ ഉന്നമനത്തിന് വേണ്ടി പി ടി യെയും കോളേജ് യൂണിയനും അദ്ധ്യാപകരും മറ്റ് ജീവനക്കാരും എല്ലാ കാര്യങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കും തുടങ്ങിയ കാര്യങ്ങളിലും യോഗത്തിൽ തീരുമാനമായി. പി ടി യെ തീരുമാനങ്ങളെ അട്ടിമറിക്കുന്ന രീതിയിൽ ചില ജീവനക്കാർ പ്രവർത്തിക്കുന്നു എന്നുള്ള ആക്ഷേപം തെറ്റാണെന്നും പി ടി യെയുമായി ആലോചിച്ചാണ് ദൈനം ദിനമായ അക്കാദമിക്ക് കാര്യങ്ങൾ നടക്കുന്നതെന്നും പി ടി യെ പ്രതികരിച്ചു. രക്ഷകർതാക്കളുടെ പ്രതിനിധിയായി 6 ആളുകളും കോളേജ് ജീവനക്കാരുടെ പ്രതിധികളായി 5 പേരുമുൾപ്പടെ 11 അംഗങ്ങളാണ് എക്സിക്യൂട്ടീവിലുള്ളത്. കോളേജ് കേന്ദ്രീകരിച്ച് നടന്ന സംഭങ്ങളുടെ നിജ സ്ഥിതി അറിയാൻ കോളേജ് അധികൃതരെ മാധ്യമ പ്രവർത്തകർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും പ്രതികരിക്കാൻ തയ്യാറായില്ല.