തൊടുപുഴ: ബഡ്ജറ്റിലെ അധിക നികുതിയ്‌ക്കെതിരെ കെ.പി.സി.സി ആഹ്വാനപ്രകാരം 26ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് ധർണ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. പതിറ്റാണ്ടുകളായി സൗജന്യമായി ലഭിച്ചിരുന്ന സേവനങ്ങൾക്കാണ് കനത്ത ഫീസ് സംസ്ഥാന സർക്കാർ ചുമത്തിയിരിക്കുന്നത്. ഭൂമിയുടെ ന്യായവില വർദ്ധിപ്പിച്ച നടപടി പിൻവലിക്കുക, വില്ലേജ് ഓഫീസുകളിലെ ലൊക്കേഷൻ മാപ്പ്, തണ്ടപ്പേർ പകർപ്പ്, പോക്കുവരവ് തുടങ്ങിയവയ്‌ക്കെല്ലാം കടുത്ത ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. ജില്ലയിൽ കർഷക ആത്മഹത്യകൾ 13 എണ്ണം കഴിഞ്ഞ സാഹചര്യത്തിൽ ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും ജപ്തി ഭീഷണി അവസാനിപ്പിക്കണമെന്നും ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു.