തൊടുപുഴ: ഈ മാസം ആരംഭിക്കുമെന്ന് നേരത്ത പ്രഖ്യാപിച്ചിരുന്ന കെ.എസ്.ആർ.ടി.സി പുതിയ ഡിപ്പോയുടെ പ്രവർത്തനം അടുത്ത മാസം ആരംഭിക്കുമെന്ന പുതിയ വാഗ്ദനാവുമായി അധികൃതർ. ഇന്നലെ ഡിപ്പോ സന്ദർശിച്ച കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസ്, സെൻട്രൽ സോണൽ ഓഫീസർ, ഡി.ടി.ഒ എന്നിവരാണ് മാർച്ച് രണ്ടാം വാരത്തോടെ ഡിപ്പോയുടെ പ്രവർത്തനം തുടങ്ങാനാകുമെന്ന് അറിയിച്ചത്. ഇതിന് മുന്നോടിയായി ഡിപ്പോയിലെ ഒമ്പത് കടമുറികൾ ലേലം ചെയ്തു നൽകാനായി 29ന് വീണ്ടും ടെണ്ടർ വിളിക്കും. ടെൻഡറിൽ പങ്കെടുക്കേണ്ടവർ 27ന് മുമ്പ് അപേക്ഷകൾ നൽകണം. ലേലത്തിലൂടെ കണ്ടെത്തുന്ന തുക പ്രത്യേക അക്കൗണ്ടായി ബാങ്കിൽ നിക്ഷേപിച്ച് ഡിപ്പോ നിർമാണത്തിനായി മാറ്റാനും യോഗത്തിൽ തീരുമാനിച്ചു. ഡിപ്പോയുടെ നിർമാണ പ്രവർത്തനം പൂർണമായി തീർക്കാൻ ഇനിയും മൂന്നര കോടിയോളം രൂപ ആവശ്യമായി വരുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ നിലവിൽ ഡിപ്പോ പ്രവർത്തിക്കുന്ന നഗരസഭയുടെ ലോറി സ്റ്റാൻഡിൽ നിന്നും ഒഴിഞ്ഞു കൊടുക്കണമെന്ന നഗരസഭയുടെ നിർദേശത്തെ തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഡിപ്പോ തുറക്കാനായിരുന്നു തീരുമാനം. ഇതിനായി വരുന്ന ചെലവിന്റെ കണക്കെടുപ്പും ഏതാനും മാസം മുമ്പ് നടത്തിയിരുന്നു. അവശ്യസംവിധാനങ്ങൾ ക്രമീകരിച്ച് ഡിപ്പോ തുറക്കുന്നതിനായി 85 ലക്ഷം രൂപ കണ്ടെത്താമെന്നായിരുന്നു കണക്കുകൂട്ടൽ. കടമുറികൾ നേരത്തെ ലേലം ചെയ്തത് വഴി 40 ലക്ഷം രൂപ ഡിപ്പോസിറ്റ് ഇനത്തിൽ കിട്ടാനുണ്ട്. ഇതിനു പുറമെ ഓഫീസ് ഒഴികെയുള്ള 19 മുറികൾ ലേലം ചെയ്യാൻ നേരത്തെ ടെണ്ടർ ക്ഷണിച്ചെങ്കിലും ലേലം കൊള്ളാൻ ആരുമെത്തിയില്ല.
ആമ്പൽ ജോർജിന്റെ സമരം ഇന്ന് മുതൽ
പുതിയ ഡിപ്പോ ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ആമ്പൽ ജോർജ് ഇന്ന് തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി എം.ഡിയുടെ ഓഫീസിന് മുന്നിൽ രാവിലെ 10 മുതൽ അഞ്ച് വരെ ഗാന്ധിയൻ രീതിയിൽ സമരം നടത്തും. ഫെബ്രുവരിയിൽ പുതിയ ഡിപ്പോ തുറന്നു നൽകുമെന്ന ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
എസ്റ്റിമേറ്ര് ആറരക്കോടി, ചെലവഴിച്ചത് 12 കോടി
ആറരക്കോടി രൂപയാണ് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ എസ്റ്റിമേറ്റായി തീരുമാനിച്ചതെങ്കിലും 12 കോടിയോളം രൂപ ഇപ്പോൾ തന്നെ ചെലവഴിച്ചു. ഒമ്പത് കടമുറികൾ ടെണ്ടർ ചെയ്ത തുക ഉപയോഗിച്ചു കൊണ്ടാണ് ഡീസൽ ടാങ്ക് നിർമ്മാണവും ഇലക്ട്രിക്കൽ വർക്കും മാലിന്യ നിർമാർജന പ്ലാന്റും സ്ഥാപിച്ചത്. ഒന്നാംഘട്ട ടെൻഡറിൽ പങ്കെടുത്ത് കടമുറികൾ ലേലത്തിന് എടുത്തവർ 40 ലക്ഷത്തോളം രൂപ കെ.എസ്.ആർ.ടി.സിയ്ക്ക് അടയ്ക്കാൻ ഉണ്ട്.
''രണ്ടാംഘട്ട ടെൻഡറിലൂടെ ലഭിക്കുന്ന പണം ഉപയോഗപ്പെടുത്തി ഡിപ്പോയിൽ അവശേഷിക്കുന്ന പണികൾ കൂടെ പൂർത്തീകരിക്കാൻ ഉള്ള ഇടപെടൽ മന്ത്രി, മാനേജിങ്ങ് ഡയറക്ടർ തലത്തിലും നടത്തും. സമയബന്ധിതമായി പണി പൂർത്തീകരിക്കാനുള്ള ചർച്ചകൾ ഉദ്യോഗസ്ഥരുമായി നടത്തി. പൂർത്തിയാക്കാനുള്ള ഇലക്ട്രിക്കൽ വർക്കുകളും, ജീവനക്കാർക്കുള്ള താമസസൗകര്യവുമടക്കുമുള്ള ജോലികൾ ഉടൻ പൂർത്തീകരിച്ച് മാർച്ച് രണ്ടാം വാരത്തോടെ കൂടി തന്നെ ഡിപ്പോ പ്രവർത്തനമാരംഭിക്കും.""
-സി.വി. വർഗീസ്
(കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം)