തൊടുപുഴ: കാലപ്പഴക്കത്താൽ പ്രവർത്തന രഹിതമായ ജില്ലാ ആശുപത്രിയിലെ ലിഫ്റ്റ് ചൊവ്വാഴ്ച്ച മുതൽ പ്രവർത്തന സജ്ജമാകും. കാലപ്പഴക്കമേറിയതിനാൽ ലിഫ്ടിന്റെ സെൻസർ സംവിധാനം ഉൾപ്പെടെ മറ്റ് സാങ്കേതിക സംവിധാനങ്ങൾ ഇടക്കിടക്ക് തകരാറിലാകും.ആശുപത്രിയിൽ ടെക്നീഷ്യൻസ് ഇല്ലാത്തതിനാൽ പുറമെ നിന്നുള്ളവർ എത്തി തകരാർ പരിഹരിച്ചെങ്കിൽ മാത്രമേ ലിഫ്റ്റ് പൂർവ സ്ഥിതിയിലാവുകയുളളു. ഇടക്കിടക്കുണ്ടാവുന്ന തകരാർ താത്ക്കാലികമായി പരിഹരിക്കപ്പെടുമെങ്കിലും ദിവസങ്ങൾക്കുള്ളിൽ തന്നെ ലിഫ്റ്റ് വീണ്ടും പഴയപടിയാകുന്ന അവസ്ഥയാണുണ്ടായിരുന്നത്.

ചിലയവസരങ്ങളിൽ ലിഫ്റ്റ് തകരാറിലായാൽ മാസങ്ങൾ കഴിഞ്ഞാലും പ്രശ്നം പരിഹരിക്കാൻ അധികൃതർ ഒരു നടപടിയും സ്വീകരിക്കാറുമില്ല.

ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് ജില്ലാ ആശുപത്രി പ്രവർത്തിക്കുന്നത് എന്നതിനാൽ ആശുപത്രി അധികൃതർക്ക് നേരിട്ട് പ്രശ്നത്തിൽ ഇടപെടാനും കഴിയില്ല. പതിവായി ലിഫ്റ്റ് തകരാറിലാകുന്ന വിവരം ആശുപത്രി അധികൃതർ ജില്ലാ പഞ്ചായത്തിനെ അറിയിക്കുന്നുണ്ടെങ്കിലും ഗൗരവം ഉൾക്കൊണ്ട് പ്രശ്ന പരിഹാരത്തിന് ഉടൻ നടപടികൾ സ്വീകരിക്കുന്നില്ല എന്നുളള വ്യാപകമായ ആക്ഷേപവും ആശുപത്രി വികസന സമിതി അംഗങ്ങൾ തന്നെ ഉന്നയിക്കുന്നുണ്ട്.

കസേരയിൽ ചുമന്ന് കുഴയും

ആശുപത്രിയിലുളള മുറികളും വാർഡുകളും ഡയാലിസിസ് യൂണിറ്റും ഉൾപ്പെടെ പ്രധാന വിഭാഗങ്ങൾ പ്രവർത്തിക്കുന്നത് മുകൾ നിലകളിലാണ്.വൃദ്ധരും രോഗികളും രോഗികളുടെ കൂടെ വരുന്നവരും ഓരൊ നിലകളിലേയും സ്റ്റെപ്പുകൾ കയറി മുകളിൽ എത്തുമ്പോഴേക്കും അവർ കൂടുതൽ അവശരാകും.ഡയാലിസിസിന് എത്തുന്ന അവശരായ വൃക്ക രോഗികൾക്കും മറ്റ് രോഗികൾക്കും മുകൾ നിലയിലേക്ക് എത്തുവാൻ ലിഫ്ടാണ് ഏക ആശ്രയവും.ലിഫ്ഫ്റ്റ് പ്രവർത്തിക്കാത്ത അവസരങ്ങളിൽ നടക്കാനാവാത്ത രോഗികളെ കസേരയിലിരുത്തിയും ഒന്നിലേറെ ആളുകൾ കൂട്ടം ചേർന്നുമാണ് മുകൾ നിലകളിലേക്ക് എത്തിക്കുന്നതും. മുമ്പ് ആശുപത്രി ജീവനക്കാരും രോഗികളും ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് ഇതിനുള്ളിൽ കുടുങ്ങിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

നിവേദനങ്ങൾ ചവറ്റു കുട്ടയിൽ.

തുടർച്ചയായി ലിഫ്റ്റ്റ്റ് തകരാറിലാവുന്നതിന് പരിഹാരമായി ആശുപത്രിയിൽ പുതിയ ലിഫ്റ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ വിവിധ സംഘടനകൾ സർക്കാരിനും ജില്ലാ പഞ്ചായത്ത് അധികൃതർക്കും നിരവധി നിവേധനങ്ങൾ നൽകിയിട്ടുണ്ട്.എന്നാൽ പുതിയ ലിഫ്റ്റിന് പണമില്ല എന്നാണ് സർക്കാരും ജില്ലാ പഞ്ചായത്തും സംഘടന നേതാക്കളെ അറിയിച്ചിരിക്കുന്നത്.