തൊടുപുഴ: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി തൊടുപുഴയിലെ പ്രേക്ഷകർക്ക് മുമ്പിൽ ലോകസിനിമയുടെ ജാലകം തുറന്നുവച്ച 14-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവൽ ഇന്നു സമാപിക്കും. രാവിലെ 10.30ന് ക്ലാസിക് ചിത്രമായ 'ടു കിൽ എ മോക്കിംഗ് ബേഡ്' (സംവിധാനം - റോബർട്ട് മുള്ളിഗൻ), ഉച്ചയ്ക്ക് 2.00ന് 'റിമംബറിംഗ് മഹാത്മ' (ഡോക്യുമെന്ററി തൊടുപുഴ ഫിലിം സൊസൈറ്റി) എന്ന ലഘുചിത്രത്തോടൊപ്പം തൊടുപുഴയിലെ നവാഗത സംവിധായകരുടെ ഹ്രസ്വചിത്രങ്ങളുടെ പ്രദർശനം, വൈകിട്ട് 6ന് മലയാളചലചിത്രം 'ഹെലൻ' (സംവിധാനം - മാത്തുകുട്ടി സേവ്യർ), രാത്രി 8.00 ന് സമാപനചിത്രം 'ഇൻസ്ട്രക്ഷൻസ് നോട്ട് ഇൻക്ലൂഡഡ് (സംവിധാനം - യൂജിനോ ദർബസ്) എന്നിവയും പ്രദർശിപ്പിക്കും.
വൈകിട്ട് 5.00 മണിക്കുള്ള സമാപനസമ്മേളനം തിരിക്കഥാകൃത്ത് ജോൺപോൾ ഉദ്ഘാടനം ചെയ്യും. ഫിലിം സൊസൈറ്റി വൈസ് പ്രസിഡന്റ് വി.കെ. ബിജു അദ്ധ്യക്ഷത വഹിക്കും. ആന്റണി കണ്ടിരിക്കൽ (കാഡ്സ്),
ടി.സി. രാജു തരണിയിൽ (മർച്ചന്റ്സ് അസോസിയേഷൻ), പി.എം. നാരായണൻ (പു.ക.സ), എസ്.എൻ. ഷാജി (തപസ്യ), ഫാ. ബോബി ആന്റണി (പ്രിൻസിപ്പൽ, ശാന്തിഗിരി കോളേജ്) എന്നിവർ പ്രസംഗിക്കും.