തൊടുപുഴ: ഇടുക്കി പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ഇടുക്കി പ്രസ് ലീഗ് (ഐ.പി.എൽ 2020) ഇന്ന് തെക്കുംഭാഗം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. പൊലീസ്, എക്‌സൈസ്, റവന്യു, ആരോഗ്യവിഭാഗം, കെ.എസ്.ഇ.ബി, ഇടുക്കി പ്രസ്‌ക്ലബ്, ലയൺസ് ക്ലബ്, മർച്ചന്റ്സ് യൂത്ത് വിംഗ് എന്നീ എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. രാവിലെ എട്ടിന് പ്രസ് ക്ലബ് ടീമും ലയൺസ് ക്ലബ് ടീമും തമ്മിലാണ് ആദ്യ മത്സരം. ടൂർണമെന്റിൽ വിജയിക്കുന്ന ടീമിന് പുളിമൂട്ടിൽ സിൽക്സ് സ്‌പോൺസർ ചെയ്യുന്ന 15,000 രൂപയും ഓവറോൾ കിരീടവുമാണ് സമ്മാനം. രണ്ടാം സ്ഥാനം നേടുന്ന ടീമിന് 10,000 രൂപയും സഹ്യ ടീ നൽകുന്ന ട്രോഫിയും ലഭിക്കും. മാൻ ഓഫ് ദ സീരീസ് നേടുന്ന വ്യക്തിക്ക് ഹൈറേഞ്ച് ഹോം അപ്ലൈൻസസ് നൽകുന്ന ട്രോഫിയും കാഷ് പ്രൈസുമാണ് സമ്മാനം. മികച്ച ബാറ്റ്സ്മാൻ, ബൗളർ, ഫീൽഡർ, വിക്കറ്റ് കീപ്പർ എന്നിവർക്കും പുരസ്‌കാരം നൽകും. കൂടാതെ ഓരോ മത്സരങ്ങളിലെയും മികച്ച താരത്തിനും പുരസ്‌കാരമുണ്ട്. പങ്കെടുക്കുന്ന എല്ലാ താരങ്ങൾക്കും എം.എസ്.എം ലബ്ബയുടെ പേരിലുള്ള മെഡലും നൽകും.
ഭിന്നശേഷിക്കാരുടെ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഇടുക്കിയുടെ സ്വന്തം അനീഷ് പി.രാജനെ പ്രസ് ക്ലബ് ആദരിക്കും. വൈകിട്ട് നടക്കുന്ന സമ്മാനദാന ചടങ്ങിൽ ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ജില്ലാ പൊലീസ് മേധാവി പി.കെ. മധു എന്നിവർ പങ്കെടുക്കും.