കട്ടപ്പന: വിദ്യാർഥികൾക്ക് വിൽക്കാനായി കൊണ്ടുവന്ന കഞ്ചാവുമായി അധ്യാപകനടക്കം രണ്ടുപേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് നഴ്സിംഗ് കോളജിലെ അദ്ധ്യാപകൻ കാഞ്ചിയാർ കല്യാണത്തണ്ട് പുത്തൻപുരയ്ക്കൽ അജിത്ത്(30), വെള്ളയാംകുടി കാണക്കാലിപ്പടി വിളയിൽ സുനിൽ(38) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച ബൈക്കിൽ നിന്നു 30 ഗ്രാം കഞ്ചാവും രണ്ട് നിരോധിത പാൻ മസാല പായ്ക്കറ്റും പിടിച്ചെടുത്തു. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇടവഴിയിൽ ബൈക്കിലെത്തിയപ്പോൾ പൊലീസ് പരിശോധന നടത്തുകയായിരുന്നു. മുമ്പും കഞ്ചാവ് കേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് സുനിൽ. പ്രതികളെ കട്ടപ്പന കോടതിയിൽ ഹാജരാക്കി.