തൊടുപുഴ: ജോസ് കെ. മാണി വിഭാഗം ഉൾപ്പെടെയുള്ള എട്ട് കേരളാ കോൺഗ്രസ് പാർട്ടികളും ഒത്തുപോകണമെന്നാണ് തന്റെ ആഗ്രഹമെന്ന് പി.സി. ജോർജ് എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മദ്ധ്യകേരളത്തിലെ സമുന്നതനായ കേരളകോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് ഇക്കാര്യത്തിൽ മുൻകൈ എടുക്കണം. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ കേരളാ കോൺഗ്രസ് ഗ്രൂപ്പുകൾക്ക് പ്രസക്തി നഷ്ടപ്പെട്ടു. താൻ ജോസഫ് ഗ്രൂപ്പിൽ ലയിക്കാൻ ഉദ്ദേശിക്കുന്നില്ല. രണ്ട് മുന്നണികളിലെയും പ്രമുഖർ ജനപക്ഷവുമായി ചർച്ചകൾ നടത്തുന്നുണ്ട്. ജനപക്ഷം ഭാരവാഹികളുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഇനി എൻ.ഡി.എയിലേക്ക് തിരികെ ഇല്ല. കെ. സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനാക്കിയത് 'തമ്മിൽ ഭേദം തൊമ്മൻ' എന്ന് കരുതിയാവുമെന്നും അദ്ദേഹം പറഞ്ഞു.
മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സംവരണ മാനദണ്ഡങ്ങൾ തീരുമാനിച്ച് സർക്കാർ ഇറക്കിയ ഉത്തരവ് പ്രതിഷേധാർഹമാണ്. നാല് ലക്ഷം രൂപ വരെ സംവരണ മാനദണ്ഡമായി നിശ്ചയിച്ചപ്പോൾ 2.5 ഏക്കറിൽ കൂടുതൽ ഭൂമി ഉള്ളവരെ ഒഴിവാക്കി. ഇപ്പോൾ 15 ഏക്കർ കർഷകനുപോലും നാല് ലക്ഷം വരുമാനം ലഭിക്കുന്നില്ല. കടക്കെണിയിൽ അകപ്പെട്ട് നട്ടം തിരിയുന്ന കർഷകരോടുള്ള അവഗണനയാണിത്. സംവരണ മാനദണ്ഡം മൂന്ന് ഹെക്ടറാക്കി ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു.