quary

പ്രതിഷേധക്കാരെ പോലീസ് കൈയേറ്റം ചെയ്തതായി പരാതി
നാലുപേർക്കെതിരെ കേസ്

നെടുങ്കണ്ടം: അല്ലിയാറിലെ പാറമടയിൽ നിന്നുള്ള ലോറികൾ നാട്ടുകാർ തടഞ്ഞതിനെച്ചൊല്ലി ഉണ്ടായ സംഘർഷത്തിൽ വയോധികയടക്കം മൂന്നു പേർക്ക് പരിക്കേറ്റു. നാരകപ്പറമ്പിൽ റെജി(47), മാതാവ് കമലമ്മ(85), താവുപറമ്പിൽ അജീഷ് എന്നിവർക്കാണ് മർദനമേറ്റത്. എന്നാൽ പ്രതിഷേധക്കാരെ കമ്പംമെട്ട് സി.ഐ. ജി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൈയേറ്റം ചെയ്തതായാണ് ആക്ഷേപം. പരിക്കേറ്റവർ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ കമ്പംമെട്ട് പൊലീസ് കേസെടുത്തു.
കൂട്ടാർ അല്ലിയാറിൽ പ്രവർത്തിക്കുന്ന പാറമടയ്‌ക്കെതിരെ നാട്ടുകാർ നാളുകളായി സമരരംഗത്താണ്. അനുവദനീയമായ അളവിനേക്കാൾ കൂടുതൽ പാറയാണ് ഇവിടെ പൊട്ടിച്ചുകടത്തുന്നത്. 50ൽപ്പരം ലോഡുകൾ ദിവസവും കടത്തുന്നതായി നാട്ടുകാർ ആരോപിച്ചു. ഇന്നലെ രാവിലെ ലോഡ് കയറ്റാനെത്തിയ ലോറി നടത്തുകാർ തടഞ്ഞിട്ടു. വിവരമറിഞ്ഞ് കമ്പംമെട്ട് പൊലീസ് സ്ഥലത്തെത്തിയതോടെ ഒരു ടിപ്പർ ലോറി കടത്തിവിടാൻ നാട്ടുകാർ തയ്യാറായി. തടഞ്ഞിട്ട മറ്റു വാഹനങ്ങൾ കൂടി കടത്തിവിടണമെന്നു പൊലീസ് ആവശ്യപ്പെട്ടെങ്കിലും നാട്ടുകാർ നിരസിതോടെയാണ് സംഘർഷം ഉടലെടുത്തത്. റെജിയേയും അജീഷിനെയും സി.ഐ. കരണത്തടിക്കുകയും ഇതുകണ്ട് തടസം പിടിക്കാനെത്തിയ റെജിയുടെ അമ്മ കമലമ്മയെ ചവിട്ടിവീഴ്ത്തുകയും ചെയ്തതായാണ് പരാതി. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച താവുപറമ്പിൽ സന്തോഷിന്റെ ഫോൺ നിലത്തെറിഞ്ഞ് നശിപ്പിച്ചതായും പറയുന്നു. മർദനമേറ്റ മൂവരുടെയും ദേഹത്ത് പാടുകളുണ്ട്.

കൈക്കൂലി വാങ്ങാൻ

ശ്രമമെന്ന് പൊലീസ്

ആരോപണങ്ങൾ കമ്പംമെട്ട് പൊലീസ് നിഷേധിച്ചു. കോടതി ഉത്തരവിലൂടെയാണ് പാറമട പ്രവർത്തിക്കുന്നത്. പൊതുനിരത്തിൽ ജനങ്ങൾ മാർഗതടസം സൃഷ്ടിച്ചത് ഒഴിവാക്കാനാണ് പൊലീസ് ശ്രമിച്ചത്. ഇതിന്റെ മുഴുവൻ ദ്യശ്യങ്ങളും പൊലീസിന്റെ പക്കലുണ്ട്. ഇതിനിടെ ഒരു പൊലീസുകാരനെയും കൈയേറ്റം ചെയ്തു. കൂടാതെ പാറമട ഉടമസ്ഥരെ ഭീഷണിപ്പെടുത്തി 15 ലക്ഷം കൈക്കൂലി വാങ്ങാൻ ശ്രമം നടത്തിയെന്ന പരാതിയും നിലവിലുണ്ടെന്നും കമ്പംമെട്ട് പോലീസ് അറിയിച്ചു.


എസ്.പിക്ക് പരാതി നൽകും: ഡി.സി.സി. പ്രസിഡന്റ്

അല്ലിയാറിലെ പൊലീസ് അതിക്രമം സംബന്ധിച്ച് ജില്ലാ പൊലീസ് മേധവിക്ക് പരാതി നൽകുമെന്ന് ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. ജില്ലാ കളക്ടറെ നേരിട്ടുകണ്ട് ഇക്കാര്യം ശ്രദ്ധയിൽ പെടുത്തും. സംഭവത്തിൽപൊലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. വയോധിക അടക്കമുള്ളവരെ മർദിച്ചത് അപലപനീയമാണ്. സംഭവത്തിൽ എസ്.പി. നേരിട്ട് അന്വേഷണം നടത്തണം. പാറമടയുടെ പ്രവർത്തനം സംബന്ധിച്ച് വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിൽ റവന്യു അധികൃതർ നടപടി സ്വീകരിക്കണം. അനുവദനീയമായതിലും കൂടുതൽ കരിങ്കല്ലാണ് ഇവിടെനിന്നും കടത്തുന്നതെന്നും ഡി.സി.സി. പ്രസിഡന്റ് ആരോപിച്ചു.