തൊടുപുഴ: തൊടുപുഴയിൽ ആധുനിക ഖരമാലിന്യ പ്ലാന്റും അറവുശാലയും നിർമിക്കും. ഇതുമായി ബന്ധപ്പെട്ട് ഡോ. പി.വി. മോഹനൻ തയ്യാറാക്കിയ 4.36 കോടിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് നഗരസഭ കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു. മത്സ്യ മാർക്കറ്റിൽ നിലവിൽ പ്രവർത്തനം നിലച്ചു കിടക്കുന്ന അറവുശാല പൊളിച്ചു നീക്കിയാണ് ആധുനിക അറവുശാല നിർമിക്കുക. ചെറുതും വലുതുമായി 60 മൃഗങ്ങളെ ഇവിടെ സൂക്ഷിക്കാനുള്ള സൗകര്യം ഉണ്ടാകും. മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും. ഇതിന് പുറമെ 3,000 ലിറ്റർ സംഭരണ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റും സ്ഥാപിക്കും. 365 മീറ്റർ ചതുരശ്രയടി വിസ്തീർണമുള്ള അറവുശാലയിൽ കശാപ്പു ചെയ്യുന്നതിനും അനുബന്ധ യന്ത്രസാമഗ്രികൾക്കുമായി രണ്ടു കോടിയോളം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. മൃഗങ്ങളെ പരിശോധിക്കുന്നതിനുള്ള ലബോറട്ടറി സംവിധാനവും 2.50 ലക്ഷം രൂപ ചിലവിൽ അറവുശാലയോടൊപ്പം ക്രമീകരിക്കും. കൂടാതെ അറവുശാലയിൽ നിന്നുള്ള ദൃശ്യങ്ങൾ നഗരസഭ ആരോഗ്യ വിഭാഗത്തിനും മറ്റും ലഭ്യമാകുന്നതിനായി സി.സി ടി.വി കാമറകളും സ്ഥാപിക്കും. ഇതിനായി 1.75 രൂപ ചെലവഴിക്കും. ഒരു മൃഗത്തെ കശാപ്പുശാലയിൽ കൊന്ന് ഇറച്ചിയാക്കി തിരികെ നൽകുന്നതിന് 300 രൂപ വീതം മാംസ സ്റ്റാളുടമകളിൽ നിന്ന് ഈടാക്കും. പുലർച്ചെ മൂന്നു മുതൽ രാവിലെ 11 വരെയായിരിക്കും പ്രവർത്തനം. മാംസം സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്നതുൾപ്പെടെയുള്ള സംവിധാനങ്ങളോടെയാകും പ്രവർത്തനം. നഗരസഭ ചെയർപേഴ്‌സൺ, സെക്രട്ടറി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ, എക്‌സിക്യൂട്ടീവ് എൻജിനിയർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, വാർഡ് കൗൺസിലർ എന്നിവരടങ്ങിയ കമ്മിറ്റിയുടെ നിരീക്ഷണത്തിലായിരിക്കും ദൈനംദിന പ്രവർത്തനങ്ങൾ.

യാചകനിരോധനം കർശനമാക്കും

നഗരസഭ പരിധിയിൽ യാചകനിരോധനം കർശനമായി നടപ്പിലാക്കുന്നതിനും കൗൺസിൽ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഇടവെട്ടി ഭാഗത്ത് ഒന്നര വയസുള്ള കുട്ടിയെ നാടോടി സത്രീ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിഷയം കർശനമായി നടപ്പാക്കാൻ കൗൺസിൽ തീരുമാനിച്ചത്. നഗരത്തിൽ നേരത്തെ ഭിക്ഷാടനം കർശനമായി തടഞ്ഞിരുന്നെന്നും ഇപ്പോൾ വീണ്ടും നഗരത്തിൽ പലയിടത്തും ഭിക്ഷാടകരെ കാണുന്നുണ്ടെന്നും പറഞ്ഞ് സി.കെ. ജാഫറാണ് പ്രശ്‌നം അവതരിപ്പിച്ചത്. നഗരത്തിലെ പാലത്തിലും മറ്റും ഭിക്ഷാടനം നടത്തുന്നവരെ നീക്കം ചെയ്യാനും കൗൺസിൽ തീരുമാനിച്ചു.

പന്നി ഫാം മാറ്റണമെന്ന്

പാറക്കടവിൽ ജില്ലാ പഞ്ചായത്തിനു കീഴിൽ മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോഴി ഫാമിനോട് ചേർന്ന് പ്രവർത്തിച്ചുവരുന്ന പന്നിഫാം അവിടെ നിന്ന് മാറ്റണമെന്ന് പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെടാനും കൗൺസിൽ തീരുമാനിച്ചു. ഇവിടെയുള്ള പന്നികളിൽ മനുഷ്യനെ കൂടി ബാധിക്കുന്ന ബ്രൂസെല്ല വൈറസ് കണ്ടെത്തിയ സാഹചര്യത്തിലാണ് പന്നി ഫാം മാറ്റണമെന്ന് കൗൺസിൽ രേഖാമൂലം ആവശ്യപ്പെടാൻ തീരുമാനിച്ചത്.

ഡിപ്പോ ഒഴിയണം

നിലവിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവർത്തിച്ചു വരുന്ന പഴയ ലോറി സ്റ്റാന്റ് മാർച്ച് 31ന് മുമ്പ് ഒഴിവായി നഗരസഭയ്ക്ക് തിരിച്ച് ഏൽപ്പിക്കണമെന്ന് കെ.എസ്.ആർ.ടി.സിയോട് കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.