തൊടുപുഴ: പർദയിട്ട് വീട്ടിൽ കയറി ഒന്നര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രതിയുടെ കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അന്വേഷണം അന്ധ്രയിലേക്ക്. വെള്ളിയാഴ്ച വീട്ടിൽ കയറി കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാടോടി സ്ത്രീയായ ഷമിം ബീവിയെ പൊലീസ് പിടികൂടിയെങ്കിലും ഇവരുടെ യഥാർഥ മേൽവിലാസമോ മറ്റു വിവരങ്ങളോ ലഭിച്ചിരുന്നില്ല. തുടർന്ന് കരിങ്കുന്നത്തെ ഇവരുടെ അയൽവാസികളെ ചോദ്യം ചെയ്‌പ്പോഴാണ് പേരടക്കമുള്ള ചില വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇവരിൽ നിന്ന് കണ്ടെടുത്ത ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും ഇവരുടെ ചിത്രം അയച്ചുകൊടുത്തിട്ടുണ്ടെന്നും സമാനമായ കേസോ മറ്റ് കേസുകളോ ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് അറിയാൻ ഇത് സഹായകമാകുമെന്ന് സി.ഐ സജീവ് ചെറിയാൻ പറഞ്ഞു. ആന്ധ്ര പൊലീസുമായി സഹകരിച്ച് അന്വേഷണം വിപുലമാക്കുമെന്നും തൊടുപുഴയിൽ നിന്ന് ഒരു സംഘം ഇവരുടെ വിവരങ്ങൾ കണ്ടെത്താൻ ആന്ധ്രയ്ക്ക് ഉടൻ പുറപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ കടതതിക്കൊണ്ടുപോയി വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണോ ഇവരെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ലെന്ന് സി.ഐ. പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.