paryhasarashi

മരിച്ചത് തിരുവനന്തപുരം സ്വദേശി

തൊടുപുഴ: ബൈക്കും ബൊലേറോ ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന തിരുവനന്തപുരം തിരുമല പി.ടി.പി നഗർ സ്വദേശി എ. പാർത്ഥസാരഥിയാണ് (40) മരിച്ചത്. കൂടെയുണ്ടായിരുന്ന ആന്ധ്ര സ്വദേശി കിരൺകുമാർ (36) ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് തൊടുപുഴ ചിറ്റൂർ ചെങ്ങനാട്ടുപാലത്തിലായിരുന്നു അപകടം. അരിക്കുഴ കേരള ഫീഡ്സിൽ കാലിത്തീറ്റ പ്ലാന്റിന്റെ നിർമാണമേറ്റെടുത്തിരിക്കുന്ന ചെന്നൈയിലുള്ള ശ്രീറാം ഇ.ടി.സി കമ്പനിയിലെ എൻജിനിയർമാരായ ഇവർ ഉച്ചയ്ക്ക് മണക്കാടുള്ള താമസസ്ഥലത്തേക്ക് ഭക്ഷണം കഴിക്കാനായി വരവെ ചെങ്ങനാട്ടുപാലത്തിലെ വളവിൽ ബൈക്കിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് എതിരെ വന്ന ബൊലേറോ ജീപ്പിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ പിന്നിലിരുന്ന കിരൺകുമാർ തെറിച്ചുവീണു. ജീപ്പിന്റെ മുന്നിലേക്ക് വീണ് തലയ്ക്കും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ പാർത്ഥസാരഥിയെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. ഇടിയിൽ ജീപ്പിന്റെ ടയർ പൊട്ടി.