തൊടുപുഴ:ഇടുക്കി പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാമത് ഇടുക്കി പ്രസ് ലീഗ് (ഐ.പി.എൽ 2020) കിരീടം എക്സസൈസ് ടീം സ്വന്തമാക്കി. തൊടുപുഴ തെക്കുംഭാഗം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ പൊലീസ് ടീമിനെയാണ് എക്‌സൈസ് ടീം തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത റിനേഷ് ക്യാപ്ടനായ എക്‌സൈസ് ടീം അഞ്ച് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 72 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബിജു വർഗീസ് ക്യാപ്നായ പൊലീസ് ടീമിന് അഞ്ച് ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 47 റൺസ് എടുക്കാൻ മാത്രമാണ് സാധിച്ചത്. ചാമ്പ്യൻമാർക്ക് തൊടുപുഴ പുളിമൂട്ടിൽ സിൽക്സ് സ്‌പോൺസർ ചെയ്ത എവർറോളിംഗ് ട്രോഫിയും 15000 രൂപ കാഷ് അവാർഡും പുളിമൂട്ടിൽ സിൽക്സ് ഉടമ ഔസേപ്പ് ജോൺ നൽകി. റണ്ണേഴ്സ്അപ്പായ പൊലീസ് ടീമിന് സഹ്യ ടീ സ്‌പോൺസർ ചെയ്ത ട്രോഫിയും 10,000 രൂപയും ഡയറക്ടർ ബോർഡംഗം വി.കെ. ജനാർദ്ദനൻ സമ്മാനിച്ചു. മാൻ ഓഫ് ദ സീരീസ് പുരസ്‌കാരം നേടിയ എക്‌സൈസ്
ടീമിലെ ആസിഫിന് ഹൈറേഞ്ച് ഹോം അപ്ലൈൻസസ് സ്‌പോൺസർ ചെയ്ത ട്രോഫിയും കാഷ് അവാർഡും നൽകി. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി ടീമിലെ എക്‌സൈസ് ടീമിലെ ആസിഫ്, മികച്ച ബൗളറായി പൊലീസ് ടീമിലെ റിൻസ്, മികച്ച വിക്കറ്റ് കീപ്പറായി സിവിൽ സർവീസ് ടീമിലെ ബോബി എബ്രഹാം, മികച്ച ഫീൽഡറായി മർച്ചന്റ്സ് ടീമിലെ ഖാലിദ് എന്നിവരെ തിരഞ്ഞെടുത്തു. ഭിന്നശേഷിക്കാരുടെ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അനീഷ് പി.രാജനെ ചടങ്ങിൽ ആദരിച്ചു.