shaji
പെരിഞ്ചാംകുട്ടി-ചെമ്പകപ്പാറയിൽ വൈദ്യുത ലൈനുകൾ കൂട്ടിമുട്ടിയുണ്ടായ തീപിടുത്തത്തിൽ കത്തിനശിച്ച കൃഷിയിടത്തിൽ കർഷകൻ ഷാജി.

ചെറുതോണി: പെരിഞ്ചാൻകുട്ടി-ചെമ്പകപ്പാറയിൽ ശക്തമായ കാറ്റിൽ വൈദ്യുത ലൈനുകൾ കൂട്ടിയിടുച്ചുണ്ടായ തീപിടിത്തത്തിൽ അരയേക്കറോളം കൃഷിയിടം കത്തി നശിച്ചു. ചെമ്പകപ്പാറ സ്വദേശി വാഴയിൽ ഷാജിയുടെ കൃഷിയിടമാണ് കത്തി നശിച്ചത്.. കഴിഞ്ഞ ദിവസം ശക്തമായ കാറ്റിൽ ഇലക്ട്രിക് ലൈനുകൾ കൂട്ടിയിടിച്ചു തീ ഉണ്ടായി കൃഷിയിടം കത്തിനശിക്കുകയുമായിരുന്നു. ഇരുനൂറു കുരുമുളക് ചെടികൾ, മുപ്പതു റബർ മരങ്ങൾ, ഇരുപത്തിയഞ്ചു കൊക്കോ, അഞ്ചു കശുമാവ്, കാപ്പി, വാഴ എന്നിവയാണ് കത്തിനശിച്ചത്. കൂടാതെ കൃഷിയിടം നനക്കുന്നതിനായി ഇട്ടിരുന്ന ഹോസും അഗ്നിക്കിരയായി. ഷാജിയുടെ ആട്ടിൻകൂടിന്റെ ഒരുഭാഗവും കത്തിയിട്ടുണ്ട്. നാട്ടുകാർ ഓടിക്കൂടി തീയണച്ചതിനാൽ വീടിനു തീപിടിക്കാതെ രക്ഷപ്പെടുത്തി. ഏതാനും ദിവസങ്ങൾക്കു മുൻപാണ് വരൾച്ചയെ അതിജീവിക്കുന്നതിനായി പുരയിടം കളകൾചെത്തി കാർഷിക വിളകളുടെ ചുവട്ടിൽ പൊതയായി ഇട്ടത്. സ്വർണം പണയംവച്ചും വായ്പയെടുത്തുമാണ് ഇദ്ദേഹം സ്ഥലത്തു കൃഷിയിറക്കിയത്. ബാധ്യതകൾ അടച്ചുതീർക്കുവാൻ നിർവാഹമില്ലാതെ അവസ്ഥയിലാണിപ്പോൾ ഈ കർഷകൻ.