kuzhalkinar

രാജാക്കാട്: കത്തുന്ന വേനലിൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ കുഴൽ കിണറുകൾ നിർമ്മിച്ച് രാജാക്കാട് പഞ്ചായത്ത്. മന്ത്രി എം.എം. മണിയുടെ എം. എൽ. എ ഫണ്ട് ഉപയോഗിച്ചാണ് പഞ്ചായത്തിൽ പത്തോളം കിണറുകൾ നിർമ്മിക്കുന്നത്. കഴിഞ്ഞ വേനൽ കാലത്ത് കടുത്ത കുടിവെള്ള ക്ഷാമം നേരിട്ട സമയത്ത് പഞ്ചായത്ത് വാഹനത്തിൽ വെള്ളമെത്തിച്ചാണ് പ്രശ്‌നത്തിന് താത്കാലിക പരിഹാരം കണ്ടത്. എന്നാൽ ഇത്തവണ വേനൽ ആരംഭിച്ച് ജലക്ഷാമം രൂക്ഷമാകുന്നതിന് മുമ്പ് തന്നെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുള്ള പരിശ്രമത്തിലാണ് പഞ്ചായത്ത്. കിണറുകളുടെ നിർമ്മാണ പ്രവർത്തനവും ആരംഭിച്ചു. ആദ്യകിണറിന്റെ നിർമാണം എൻആർ സിറ്റി പള്ളിപ്പടിയിൽ നടന്നു. കാലങ്ങളായുള്ള കുടിവെള്ള പ്രശ്‌നത്തിന് ഈ വേനൽക്കാലത്ത് പരിഹാരമായതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും. കിണറുകളുടെ നിർമ്മാണം പൂർത്തിയാക്കി മോട്ടറുകൾ സ്ഥാപിച്ച് വെള്ളമെത്തിക്കുന്നതോടെ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.