ambulance

കട്ടപ്പന: രക്ഷാദൂതുമായി പായുന്ന സൂപ്പർ ഹീറോകൾക്ക് ജീവിതത്തിൽ ദുരിതം മാത്രം. 108 ആംബുലൻസിലെ ഡ്രൈവർമാർക്കും നഴ്‌സിംഗ് ജീവനക്കാർക്കും വേതനം ലഭിച്ചിട്ട് രണ്ടു മാസമാകുന്നു. ഹൈദ്രാബാദ് ആസ്ഥാനമായുള്ള ജി.വി.കെ. എമർജൻസി മാനേജ്‌മെന്റ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് എന്ന കമ്പനിയാണ് ആംബുലൻസിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്. ജോലിയിൽ പ്രവേശിക്കുമ്പോൾ ജീവനക്കാർക്ക് നൽകിയ വ്യവസ്ഥകളൊന്നും പാലിച്ചിട്ടില്ല. സംസ്ഥാനത്ത് 315 ആംബുലൻസുകളാണ് വിവിധ സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. ഇടുക്കി ജില്ലയിലെ 15 ആംബുലൻസുകളിൽ ഏഴെണ്ണം 24 മണിക്കൂർ സേവനം നൽകുന്നവയാണ്. എട്ടു വാഹനങ്ങൾ രാവിലെ എട്ടുമുതൽ വൈകിട്ട് എട്ടുവരെയും. ജില്ലയിൽ 70 പേരാണ് 108 ആംബുലസിലെ ജീവനക്കാർ.
എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർക്ക് 21,000 രൂപയും ഡ്രൈവർമാർക്ക് 16,250 രൂപയുമാണ് അടിസ്ഥാന മാസവേതനമായി നിശ്ചയിച്ചതെങ്കിലും ഒക്‌ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ മുഴുവൻ തുകയും ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. പലർക്കും മൂന്നിലൊന്ന് വേതനം മാത്രമാണ് ലഭിച്ചത്. ഓരോ മാസത്തിലെയും 21ാം തീയതി മുതൽ അടുത്ത മാസത്തെ 20ാം തീയതി വരെയാണ് വേതന കാലയളവായി കണക്കാക്കുന്നത്.
ബേസിക് ലൈഫ് സപ്പോർട്ട് എന്ന കോഴ്‌സ് വിജയകരമായി പൂർത്തീകരിച്ച ഡ്രൈവർമാരെയും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരെയുമാണ് ജി.വി.കെ. കമ്പനി നിയമിച്ചത്. എന്നാൽ ഓഫർ ലെറ്റർ അല്ലാതെ നിയമന ഉത്തവരുകളൊന്നും ജീവനക്കാർക്ക് നൽകിയിട്ടില്ലന്നും പരാതിയുണ്ട്. കൂടാതെ കോഴ്‌സിന്റെ സർട്ടിഫിക്കറ്റും ഇവർക്ക് ലഭിച്ചിട്ടില്ല. എന്നാൽ കോഴ്‌സിന്റെ ഫീസായി നഴ്‌സിംഗ് ജീവനക്കാരിൽ നിന്നു 15,000 രൂപയും ഡ്രൈവർമാരിൽ നിന്നു 10,000 രൂപയും വേതനത്തിൽ നിന്നു കമ്പനി ഈടാക്കിയിരുന്നു.
കൂടാതെ വണ്ടിയുടെ അറ്റകുറ്റപ്പണി യഥാസമയം നടത്താനും കമ്പനി തയാറാകുന്നില്ല. ഓരോ ജില്ലയിലും അതാതു കളക്ടർമാർക്കാണ് 108 ആംബുലൻസിന്റെ ചുമതല. ഡി.എം.ഒമാരാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. വേതനം മുടങ്ങിയതിൽ പ്രതിഷേധിച്ച് വിവിധ ജില്ലകളിൽ സമരം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം മികച്ച സേവനം കാഴ്ചവയ്ക്കുന്ന ആംബുലൻസ് ജീവനക്കാർക്കാണ് ഈ ദുരവസ്ഥ. കഴിഞ്ഞദിവസം 108 ആംബുലൻസിൽ ആദിവാസി യുവതി കുഞ്ഞിനു ജന്മം നൽകിയതും കുട്ടിക്കും അമ്മയ്ക്കും ജീവനക്കാർ മികച്ച പരിചരണം നൽകി ആശുപത്രിയിലെത്തിച്ചതും വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.