തൊടുപുഴ : വെള്ളിയാമറ്റം പഞ്ചായത്തിലെ മലനിരകളിലെ കാർഷികമേഖലയിൽ തീപിടുത്തം മൂലം കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന്‌കേരളാകോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി അംഗം എം.മോനിച്ചൻ ആവശ്യപ്പെട്ടു. കനത്തവേനലിൽ ശക്തമായ കാറ്റിനെ തുടർന്ന് നെല്ലിയ്ക്കാമല, ചെപ്പുകുളം, പതിയ്ക്കമല, പറമ്പുകാട്ടുമല, മന്ദിരംപാറ തുടങ്ങിയ കാർഷികമേഖലകളിൽ ഏക്കറു കണക്കിന് കൃഷി സ്ഥലമാണ് കത്തി നശിച്ചിട്ടുള്ളത്.
റബ്ബർ, കാപ്പി, വാഴ, കപ്പ, പച്ചക്കറികൾ തുടങ്ങി വിവിധ കാർഷിക വിളകളാണ് കത്തി നശിച്ചത്. കൃഷി ഭൂമി പൂർണ്ണമായും കത്തിനശിച്ചിട്ടുള്ള നിരവധി കർഷകരാണുള്ളത്. വില്ലേജ്, കൃഷി വകുപ്പ് അധികൃതർ നഷ്ടം കണക്കാക്കി മുഴുവൻ കർഷകർക്കും ധനസഹായം അനുവദിക്കണം.