നെടുങ്കണ്ടം : മഹാത്മാഗാന്ധി സർവകലാശാല നെടുങ്കണ്ടം സാറ്റലൈറ്റ് സെന്ററിന്റെയും വിവിധ കോഴ്‌സുകളുടെയും ഉദ്ഘാടനം മന്ത്രി എം.എം മണി നിർവഹിച്ചു. ബിഎഡ് കോളേജിനോട് ചേർന്ന് നെടുങ്കണ്ടം പഞ്ചായത്ത് അനുവദിച്ച കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. നെടുങ്കണ്ടം സാറ്റലൈറ്റ് കേന്ദ്രത്തിൽ ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിന്റെ കീഴിൽ ഫോറെക്‌സ് മാനേജ്‌മെന്റ് പി.ജി സർട്ടിഫിക്കറ്റ് കോഴ്‌സ്, എന്റർപ്രണർഷിപ്പ് മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ്, സൈബർ ലോ, ഫിലിം കൾച്ചർ സൊസൈറ്റി, വാട്ടർ ഹാർവസ്റ്റിംഗ് ആന്റ് മാനേജ്‌മെന്റ് എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്‌സും നടത്തും. കൂടാതെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡാറ്റാ ബിസിനസ്സ്, അനലറ്റിക്‌സ്, ഡിജിറ്റൽ മാർക്കറ്റിംഗ്, എന്നിവയിൽ പിജി ഡിപ്ലോമ കോഴ്‌സുകളും, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻഡ് ടാക്‌സേഷൻ ഡിപ്ലോമ കോഴ്‌സും ബിസിനസ് ഡാറ്റാ അനാലിസിസ്സ് (ടാലി, എം.എസ് എക്‌സൽ) സർട്ടിഫിക്കറ്റ് കോഴ്‌സുകളും ജൂണിൽ ആരംഭിക്കും. ഫീസ് അടയ്ക്കാനും അപേക്ഷ നൽകാനുള്ള സൗകര്യവും സർവകലാശാല വിവരങ്ങളും അറിയിപ്പുകളും സേവന കേന്ദ്രത്തിൽ ലഭ്യമാകും. സാറ്റലൈറ്റ് സെന്റർ യാഥാർത്ഥ്യമായതോടെ ഹൈറേഞ്ച് മേഖലയിലെ 25 ഓളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർത്ഥികൾക്കും യൂണിവേഴ്‌സിറ്റിയിൽ എത്താതെ തന്നെ നെടുങ്കണ്ടത്തെ സാറ്റലൈറ്റ് സെന്ററിൽ നിന്ന് സേവനങ്ങൾ ലഭിക്കും.
യോഗത്തിൽ മഹാത്മഗാന്ധി സർവകലാശാല വൈസ് ചാൻസിലർ സാബു തോമസ് അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം, ത്രിതല പഞ്ചായത്തംഗങ്ങളായ നിർമ്മല നന്ദകുമാർ, ജി. ഗോപി കൃഷ്ണൻ, തോമസ് തെക്കേൽ, ശ്രീമന്ദിരം ശശികുമാർ, ഷിഹാബ് ഈട്ടിക്കൽ, ശ്യാമള വിശ്വനാഥൻ, എം.ജി സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.ആർ. പ്രഗാഷ്, പി.കെ ഹരികുമാർ, പ്രൊ.ടോമിച്ചൻ ജോസഫ്, ഡോ.എ ജോസ് തുടങ്ങിയവർ സംസാരിച്ചു.