തൊടുപുഴ: നഗരസഭയുടെ ഫ്രണ്ട് ഓഫീസിനോട് അനുബന്ധിച്ച് ഒരുക്കിയിരുന്ന കുടിവെള്ള മിഷ്യൻ ഉപയോഗ ശൂന്യം.
സർക്കാർ നിർദ്ദേശ പ്രകാരം അടുത്ത നാളിൽ തൊടുപുഴ നഗരസഭയിലും ഫ്രണ്ട് ഓഫീസിനോട് ചേർന്ന് കുടിവെള്ള സൗകര്യവും ഒരുക്കി. നഗരത്തിന്റെ വിവിധ വാർഡുകളിൽ നിന്നും മറ്റ് വിദൂര സ്ഥലങ്ങളിൽ നിന്നും അനേകം ആവശ്യങ്ങൾക്ക് ദിവസവും നഗരസഭയിൽ എത്തുന്ന അവശരായ വൃദ്ധർ, രോഗികൾ, കൈക്കുഞ്ഞുങ്ങളുമായിട്ടെത്തുന്നവർ തുടങ്ങി നൂറ് കണക്കിന് ആളുകൾക്ക് ഇവിടെ സ്ഥാപിച്ചിരുന്ന കുടിവെള്ള സൗകര്യം വലിയ ആശ്വാസം നൽകിയിരുന്നു. പ്രത്യേകിച്ച് കടുത്ത വേനൽകാലങ്ങളിൽ. എന്നാൽ കുടിവെള്ള സൗകര്യം ഒരുക്കിയിരിക്കുന്ന മിഷ്യൻ കൃത്യമായി പരിപാലിക്കാത്തതിനാൽ ചെളിയും പൊടിയും മാറാലയും പിടിച്ച് ഏതാനും ചില മാസങ്ങളായി ഈ കുടി വെള്ള സൗകര്യം ഉപയോഗ ശൂന്യമായിരിക്കുകയാണ്. കുടി വെള്ള മിഷ്യൻ സ്ഥാപിച്ചരിക്കുന്ന ഓഫീസിനോട് ചേർന്ന് വിവിധ സെക്ഷനുകളിലെ നൂറോളം ഉദ്യോഗസ്ഥർ സ്ഥിരമായി ജോലിക്കായി നിത്യവും എത്തുന്നുമുണ്ട്. കുടിവെള്ളം ഉപയോഗ പ്രദമാക്കാൻ ആർക്കും സമയവും നേരവും ഇല്ല
ഐ എസ് ഒ
സർട്ടിഫിക്കറ്റിന് അത്യാവശ്യം
വിവിധ ആവശ്യങ്ങൾക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ എത്തുന്ന ജനങ്ങൾക്ക് കുടി വെള്ളം ലഭ്യമാക്കണം എന്നുള്ള സർക്കാർ നിർദ്ദേശ പ്രകാരമാണ് ഇവിടെയും കുടിവെള്ള സൗകര്യം ഒരുക്കിയത്. നഗരസഭകൾക്ക് ഐ എസ് ഒ നിലവാര സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിനുള്ള നിരവധി മാനദണ്ഡങ്ങളിൽ ഒന്ന് പൊതു ജനത്തിന് കുടിവെള്ള സൗകര്യം സ്ഥാപനത്തിൽ ഒരുക്കണം എന്നുള്ളതുമാണ്. കുടിവെള്ള സൗകര്യം ഒരുക്കുന്നതിനും അത് പരിപാലിക്കുന്നതിനും അതിനുള്ള ആവർത്തന ചിലവുകളും അതാത് നഗരസഭകളുടെ തനത് വരുമാനത്തിൽ ഉപ്പെടുന്നതുമാണ്.