തൊടുപുഴ: ഹോട്ടലിൽ നിന്ന് ഓടയിലേക്ക് മാലിന്യം ഒഴുക്കുന്നത് അന്വേഷിക്കാനെത്തിയ നഗരസഭ അധികൃതരുടെ വാഹനം ഹോട്ടൽ ജീവനക്കാർ തടഞ്ഞു. കൗൺസിലർമാരും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും സഞ്ചരിച്ചിരുന്ന വാഹനമാണ് തടഞ്ഞത്.മൂവാറ്റുപുഴ റോഡിൽ വെങ്ങല്ലൂർ ഷാപ്പുംപടിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്ന് മാലിന്യം ഒഴുക്കുന്നെന്ന വിവരം അറിഞ്ഞ് പരിശോധനയ്‌ക്കെത്തിയ തായിരുന്നുജനപ്രതിനിധികളെയും ഉദ്യോഗസ്ഥരും. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ തീരുമാന പ്രകാരമാണ് ഇന്നലെ രാവിലെ 11 ന് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റിനി ജോഷി, അംഗങ്ങളായ ടി.കെ. സുധാകരൻ നായർ, പി.വി. ഷിബു എന്നീ കൗൺസിലർമാരും, ആരോഗ്യ സൂപ്രണ്ട് രമേശ്കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ തൗഫീക്, പ്രവീൺ, ജെ.എച്ച്.ഐമാരായ സീജോ, കുര്യാക്കോസ് എന്നിവർ ഇവിടെയെത്തിയത്. ഇവിടെ പ്രവർത്തിക്കുന്ന ഹോട്ടലിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ഓട ഉയർത്തി പരിശോധിച്ചപ്പോൾ മാലിന്യത്തിന് മുകളിൽ പാറപ്പൊടി വിതറിയതായി കണ്ടെത്തി. തൊട്ടു താഴെയായി ഓട ഉയർത്തിയപ്പോൾ ഇവിടെ ഹോട്ടൽ മാലിന്യം കെട്ടിക്കിടക്കുന്നതായും കണ്ടെത്തി. പരിശോധനയ്ക്ക് ശേഷം സ്ഥലത്തു നിന്ന് മടങ്ങാൻ തുടങ്ങിയപ്പോഴാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഹോട്ടൽ തൊഴിലാളികൾ തടഞ്ഞത്. എതിർ വശത്തെ ഹോട്ടലിനു മുന്നിലെ ഓട പരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ അവിടത്തെ സ്ലാബ് തുറന്ന് പരിശോധിച്ചെങ്കിലും മാലിന്യം കണ്ടെത്തിയില്ല. കൗൺസിലർമാർ ഉൾപ്പെടെയുള്ളവരോട് ഇവർ പരുഷമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തോടെ കൗൺസിലർമാർ വിവരം നഗരസഭ സെക്രട്ടറിയെ അറിയിച്ചു. തുടർന്ന് സെക്രട്ടറി അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയതിനു ശേഷം ഒന്നരയോടെയാണ് നഗരസഭ അധികൃതക്ക് സ്ഥലത്തു നിന്ന് മടങ്ങാനായത്. ഓട വഴി മാലിന്യം ഒഴുക്കിയതിന്റെ പേരിൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സ്ഥാപന ഉടമയ്ക്ക് നോട്ടീസ് നൽകും. കൗൺസിലർമാരും നഗരസഭ ജീവനക്കാരും എത്തിയ വാഹനങ്ങൾ തടഞ്ഞതു സംബന്ധിച്ച് ഹോട്ടൽ ഉടമയുടെയും ജീവനക്കാരുടെയും പേരിൽ പൊലീസിൽ പരാതി നൽകുമെന്നും നഗരസഭ അധികൃതർ അറിയിച്ചു. നേരത്തെ രണ്ടു തവണ മാലിന്യം ഓടയിലൊഴുക്കിയതിന്റെ പേരിൽ 25,000 രൂപ വീതം പിഴയടപ്പിക്കുകയും ഒരു തവണ ആർ.ഡി.ഒ അടപ്പിക്കുകയും ചെയ്ത ഹോട്ടലാണിത്.