meesa
കട്ടപ്പന സ്വദേശി രാഹുൽ വരച്ച കട്ടപ്പനയുടെ കാർട്ടൂൺ.

കട്ടപ്പന: രാഹുൽ വരച്ച കട്ടപ്പനയുടെ കാർട്ടൂൺ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി. കഴിഞ്ഞദിവസം ഫേസ്ബുക്കിലും വാട്‌സ്ആപ്പിലുമെത്തിയ മീശ പിരിച്ച 'കട്ടപ്പന' ആയിരക്കണക്കിനാളുകളാണ് പങ്കുവയ്ക്കുന്നത്. കട്ടപ്പന അമ്പലക്കവല കോയിക്കൽ രാജന്റെ മകൻ രാഹുലാ(24) ണ് ഹൈറേഞ്ചിന്റെ തനതു ശൈലിയിലുള്ള സംഭാഷണങ്ങളും കട്ടപ്പനയിലെ പ്രധാന സ്ഥാപനങ്ങളും ഉൾപ്പെടുത്തി കാർട്ടൂൺ തയാറാക്കിയത്. കട്ടപ്പനയെക്കുറിച്ച് പറയുമ്പോൾ പെട്ടെന്നു മനസിലേക്ക് ഓടിയെത്തുന്ന സ്ഥാപനങ്ങളാണ് ചിത്രത്തിലുള്ളത്. ഗുരുദേവ കീർത്തീസ്തംഭം, ഷോപ്പിംഗ് കോംപ്ലക്‌സ്, ബസ് സ്റ്റാൻഡ്, ഗവ. കോളജ്, അമ്പലക്കവല ശ്രീധർമ ശാസ്താ ക്ഷേത്രം, സെന്റ് ജോർജ് ഫൊറോന പള്ളി, കട്ടപ്പനയാർ, തിയറ്റർ തുടങ്ങിയവയെല്ലാം ഇടംപിടിച്ചിട്ടുണ്ട്.
മാസങ്ങൾക്ക് മുമ്പേ കട്ടപ്പനയെക്കുറിച്ചുള്ള ആശയം രാഹുൽ രൂപപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം ചിത്രരചന പൂർത്തീകരിച്ച ശേഷം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. കാർട്ടൂണിലെ ഹൈറേഞ്ചിന്റെ തനതു സംഭാഷണങ്ങളും ആളുകളെ ആകർഷിക്കുന്നു. ''ഓ എന്നാ പറയാനാ, എന്നാ ഒണ്ടറാ ഉവ്വേ, അതെന്നാ എടപാടാ, ഞാൻ സ്റ്റാൻഡിൽ ഒണ്ട്, എന്നാടാ വേ'' തുടങ്ങിയവയെല്ലാം സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. മുമ്പ് ചലച്ചിത്ര താരങ്ങളെയും പ്രകൃതിയുടെ മനോഹാരിതയുമെല്ലാം പേപ്പറലാക്കിയിട്ടുള്ള രാഹുൽ ആദ്യമായാണ് കാർട്ടൂൺ രംഗത്ത് ചുവടുവയ്ക്കുന്നത്. തിരുവനന്തപുരം ടെക്‌നോ പാർക്കിലെ ടൂൺസ് അക്കാദമിയിൽ ആനിമേഷൻ കോഴ്‌സ് വിദ്യാർഥിയാണ്. ഇളയ സഹോദരൻ രാജിത്തും ചിത്രകാരനാണ്.