അടിമാലി: മൂന്നാറിൽ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ആതിരപ്പള്ളി ചെരിവിൽകാലായിൽ രാജേഷ് (30), കൊല്ലം ശുരനാട് എ.ജി ഭവൻ പുഷ്പാംഗദൻ (62) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വടാട്ടുപ്പാറ സ്വദേശി കുര്യാക്കോസ് (55), കോട്ടയം പാമ്പാടി സ്വദേശി അജയ് (24) എന്നിവരെയാണ് എറണാകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഞായറാഴ്ച രാത്രിയാണ് പോതമേടിന് സമീപം ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് കല്ലാറിൽ ടണൽ നിർമ്മാണത്തിനെത്തിയ തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. രാത്രിയായതിനാൽ അപകടം നടന്ന വിവരം ആരും അറിഞ്ഞിരുന്നില്ല. രാത്രി 12 മണിയോടെ ഇതുവഴി പോയ യാത്രക്കാരാണ് താഴെയുള്ള കൊക്കയിൽ നിന്നുള്ള ഹെഡ്‌ലൈറ്റിന്റെ വെളിച്ചം കണ്ട് സംശയം തോന്നി മൂന്നാർ പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് തകർന്ന വാഹനവും അപകടത്തിൽ പെട്ടവരെയും കണ്ടെത്തിയത്. രാത്രിയിൽ വെളിച്ചത്തിന്റെ അഭാവം മൂലം ദുർഘടമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ഏറെ പണിപ്പെട്ടു. ഇത് അപകടത്തിന്റെ കാഠിന്യം വർദ്ധിപ്പിച്ചു. മരിച്ച രണ്ടു പേരുടെയും മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി.
രവി- ഗിരിജ ദമ്പതികളുടെ മകനാണ് മരിച്ച രാജേഷ്. പുഷ്പാംഗദന്റെ ഭാര്യ ആനന്ദവാലി. മക്കൾ: ഗിരിഷ് (ജവാൻ, നാഗാലാന്റ്), അനീഷ് കുമാർ (ഫെഡറൽ ബാങ്ക് അസി. മാനേജർ, കലയപുരം കൊട്ടാരക്കര). മരുമക്കൾ: ഡാലിയ, ആശ്വതി.