തൊടുപുഴ: നഗരസഭാ ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി ഇന്ന് രാജിവയ്ക്കും. യു.ഡി.എഫ് ധാരണ പ്രകാരം കോൺഗ്രസ് അംഗത്തിനു തുടർ ഭരണം കൈമാറുന്നതിനാണ് രാജി. കോൺഗ്രസിന്റെ ഏക വനിത അംഗമായ സിസിലി ജോസ് അടുത്ത ചെയർപേഴ്‌സണാകാണ് സാധ്യത. ഭരണ സമിതി നിലവിൽ വന്നതിനു ശേഷമുള്ള മൂന്നാമത്തെ ചെയർപേഴ്‌സണായിരുന്നു കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം അംഗമായ ജെസി ആന്റണി. മുന്നണി ധാരണ പാലിക്കാനാണ് കാലാവധി തീരുന്ന ദിവസം തന്നെ സ്ഥാനമൊഴിയുന്നതെന്ന് ജെസി ആന്റണി പറഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരി 18നായിരുന്നു ജെസി ആന്റണി ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ ഭരണ സമിതിയുടെ ആദ്യകാലയളവിൽ ചെയർപേഴ്‌സൺ പദവി മുസ്ലീംലീഗിനും തുടർന്ന് കേരള കോൺഗ്രസിനും പിന്നീട് കോൺഗ്രസ് അംഗത്തിനുമെന്നായിരുന്നു യു.ഡി.എഫ് ധാരണ. ഇതു പ്രകാരം ആദ്യഘട്ടത്തിൽ മുസ്ലീം ലീഗിലെ സഫിയ ജബ്ബാറാണ് ആദ്യം ചെയർപേഴ്‌സണായത്. ഇവർ പദവിയൊഴിഞ്ഞപ്പോൾ നടന്ന തിരഞ്ഞെടുപ്പിൽ ജെസി ആന്റണിയും സി.പി.എമ്മിലെ മിനി മധുവും തമ്മിലായിരുന്നു മത്സരം. എന്നാൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗമായിരുന്ന വൈസ് ചെയർമാന്റെ വോട്ട് അസാധുവായതോടെ വോട്ടുകൾ തുല്യ നിലയിൽ എത്തി. നറുക്കെടുപ്പിൽ മിനി മധു ചെയർപഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ആറു മാസത്തിനു ശേഷം മിനി മധുവിനെ അവിശ്വാസത്തിലൂടെ പുറത്താക്കി നടന്ന തിരഞ്ഞെടുപ്പിലാണ് ജെസി ആന്റണിയെ നഗരസഭ അദ്ധ്യക്ഷയായി തെരഞ്ഞെടുത്തത്. 35 അംഗ നഗരസഭ കൗൺസിലിൽ യു.ഡി.എഫിന് 14 അംഗങ്ങളും എൽ.ഡി.എഫിന് 13ഉം ബി.ജെ.പിയ്ക്ക് എട്ടംഗങ്ങളാണുമുള്ളത്.