കരിമണ്ണൂർ: ഗ്രാമപഞ്ചായത്തിലെ ഭൂരഹിത ഭവന രഹിതർക്കായി ലൈഫ് പദ്ധതി പ്രകാരം നിർമിക്കുന്ന ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം മന്ത്രി എം.എം.മണി നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ഭൂരഹിത ഭവന രഹിതർക്കായി കരിമണ്ണൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഭവന സമുച്ചയം നിർമിക്കുന്നത്. പഞ്ചായത്തിലെ വേനപ്പാറയിൽ നിർമിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിൽ 44 വീടുകളാണുള്ളത്. പഞ്ചായത്തിന്റെയും പട്ടിക ജാതി വികസന വകുപ്പിന്റെയും ഫണ്ടുപയോഗിച്ചാണ് നിർമാണം. 2.69 ഏക്കർ ഭൂമിയാണ് പഞ്ചായത്ത് ഇവിടെ വാങ്ങിയത്. സമ്മേളനത്തിൽ കരിമണ്ണൂർപഞ്ചായത്ത് പ്രസിഡന്റ് ദേവസ്യ ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നിസാമോൾ ഷാജി, ജില്ലാ പഞ്ചായത്തംഗം വിഷ്ണു.കെ.ചന്ദ്രൻ, ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗൗരി സുകുമാരൻ, ബേസിൽ ജോൺ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സക്കീർ.വി.എ., സിബി കുഴിക്കാട്ട്, ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പ്രവീൺ.കെ., ദാരിദ്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ സാജു സെബാസ്റ്റ്യൻ, കരിമണ്ണൂർ പഞ്ചായത്ത് സെക്രട്ടറി സാജു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.