പീരുമേട്: ശബരിമല തീർഥാടകരുടെ കാർ പിക്കപ്പ് വാനിലിടിച്ച് ഒരാൾ മരിച്ചു. കാറിന്റെ ഡ്രൈവർ ബംഗളൂരു സ്വദേശി രഘുനാഥൻ (34) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 12 ഓടെ വണ്ടിപ്പെരിയാറിനു സമീപം 55ാം മൈലിലായിരുന്നു അപകടം. കാർ യാത്രികരായ വെങ്കടേഷ് (42), മകൻ സായിസരൻ (ഒൻപത്), സുരേന്ദ്രൻ (44) എന്നിവരെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിശ മാറിയെത്തിയ കാർ എതിരെ വന്ന പച്ചക്കറി വാനിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ എതിരെ വരുന്നത് കണ്ട ഡ്രൈവർ വാൻ റോഡിനു വെളിയിൽ മാറ്റി നിർത്തിയെങ്കിലും അപകടം ഒഴിവാക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. മരിച്ച രഘുനാഥന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി.