തൊടുപുഴ: കാന്റീൻ റെഡി പക്ഷെ ഉദ്ഘാടനം മാത്രം നടക്കുന്നില്ല. മുട്ടത്തുളള ജില്ലാ ജയിലിനോട് അനുബന്ധിച്ചുളള കാന്റീൻ നിർമ്മാണം പൂർത്തീകരിച്ചിട്ട് ഒരു വർഷത്തിലേറെ കാലമായെങ്കിലും പ്രവർത്തന സജ്ജമാക്കാൻ ഇനിയുമായിട്ടില്ല. പൊലീസ് കാന്റീനുകൾ ജനകീയമായി ഏറെ ലാഭവും പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ ഭക്ഷണം നൽകുന്നതിന്റെയും ചുവട്പിടിച്ചാണ് ജയിൽ കാന്റീൻ എന്ന ആശയം ആവിഷ്ക്കരിച്ചത്. ജയിൽ സന്ദർശനത്തിനായി എത്തുന്നവർക്കും ജയിലിന് സമീപത്തായി പ്രവർത്തിക്കുന്ന വിവിധ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും ഇത് വളരെയേറെ പ്രയോജനമാകുമെന്നതും ഏറെ പ്രതീക്ഷയ്ക്ക് ഇടവരുത്തിയിരുന്നു. ജയിലിൽ കഴിയുന്ന തടവുകാരെ കാണാൻ പുറമെ നിന്ന് എത്തുന്നവർ തടവുകാർക്ക് നൽകാനായി കൊണ്ടുവരുന്ന സോപ്പ്, എണ്ണ, ബ്രഷ്, പേസ്റ്റ് തുടങ്ങിയവ സുരക്ഷിതത്വത്തിന്റെ പേരിൽ കാന്റീനിൽ നിന്ന് വാങ്ങാനുള്ള സൗകര്യത്തോടെ കാന്റീൻ ഭാവിയിൽ കൂടുതൽ വിപുലീകരിച്ച് സ്റ്റേഷനറി സൗകര്യവും കൂടി ഒരുക്കാനാണ് സർക്കാർ വിഭാവനം ചെയ്തത്. ഇതിന്റെ പ്രവർത്തികൾക്കായി ആദ്യഘട്ടത്തിൽ 25 ലക്ഷം രൂപ അനുവദിച്ചു. ഇതേ തുടർന്ന് കാന്റീൻ കെട്ടിട നിർമ്മാണവും വൈദ്യുതി,ജല ലഭ്യത എന്നീ ജോലികൾ പൂർത്തിയാക്കുകയും ചെയ്തു.എന്നാൽ ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച് ഒരു വർഷത്തിലേറെ കാലം കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്തി കാൻ്റ്റീൻ പ്രവർത്തന സജ്ജമാക്കാൻ ആധികൃതരുടെ ഭാഗത്ത് നിന്ന് ഒരു താല്പര്യവും ഉണ്ടാകുന്നുമില്ല.
സൗകര്യം ഇങ്ങനെ
അടുക്കള, മുൻ വശത്ത് ഷട്ടറോട് കൂടിയ ഹാൾ, വരാന്ത, 2 മെസ്സ് ഏരിയ, വാഹന പാർക്കിങ്ങ് എന്നിങ്ങനെയാണ് ആദ്യഘട്ടത്തിൽ കാന്റീനിൽ സൗകര്യം ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ള ജയിൽ കാന്റീനുകളെല്ലാം വിജയം നേടിയിട്ടുണ്ട്.
വിലക്കുറവും ഗുണമേൻമയും പ്രധാന ആകർഷണം
ജയിൽവളപ്പിലെ പച്ചക്കറി ഉൾപ്പെടെയുള്ളവ ഉപയോഗിക്കാനാകും