കട്ടപ്പന: കട്ടപ്പന ഷോപ്പിംഗ് കോംപ്ലക്സിന്റെ പരിസരം മാലിന്യക്കൂമ്പാരമായിട്ടും നീക്കം ചെയ്യാത്ത ഭവനനിർമാണ ബോർഡിനെതിരെ നടപടി സ്വീകരിക്കാൻ കട്ടപ്പന നഗരസഭ. മാലിന്യം അടിയന്തരമായി നീക്കിയില്ലെങ്കിൽ ഷോപ്പിംഗ് കോംപ്ലക്സിലെ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകും. ഇവിടുത്തെ മാലിന്യം നീക്കുന്നത് 10 ദിവസങ്ങൾക്കുമുമ്പ് നഗരസഭ അവസാനിപ്പിച്ചിരുന്നു. ഷോപ്പിംഗ് കോംപ്ലക്സിന്റെ പരിസരത്തെ മാലിന്യം ബോർഡിന്റെ ഉത്തരവാദിത്വത്തിൽ സംസ്‌കരിക്കണമെന്ന് അറിയിച്ച് നഗരസഭ ആരോഗ്യവിഭാഗം അധികൃതർക്ക് കത്തും നൽകിയിരുന്നു. എന്നാൽ ഉറവിട മാലിന്യ സംസ്‌കരണത്തിനു നടപടി സ്വീകരിക്കാൻ ബോർഡ് തയാറായില്ല. ഇതോടെ ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്ത് മാലിന്യക്കൂമ്പാരമായി മാറിക്കഴിഞ്ഞു.
കാമറ സ്ഥാപിക്കും
മറ്റു സ്ഥലങ്ങളിൽ നിന്നുള്ളവർ ഇവിടെ മാലിന്യം തള്ളുന്നുവെന്നാണ് ബോർഡിന്റെ വാദം. എന്നാൽ ഷോപ്പിംഗ് കോംപ്ലക്സിൽ 24 മണിക്കൂറും സെക്യൂരിറ്റി ജീവനക്കാരുടെ സേവനമുണ്ട്. മാലിന്യം തള്ളുന്ന പരിസരങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന നഗരസഭയുടെ ആവശ്യത്തോടും ബോർഡ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഏപ്രിലിൽ നഗരസഭ ഇവിടെ ക്യാമറ സ്ഥാപിക്കും. വ്യാപാരികളിൽ നിന്നു യൂസർ ഫീ, വാഹന ഉടമകളിൽ നിന്നു പാർക്കിംഗ് ഫീ എന്നിവ ഈടാക്കിയിട്ടും ഉറവിട മാലിന്യ സംസ്‌കരണം നടപ്പാക്കാത്ത ബോർഡിനെതിരെ പ്രതിഷേധം ശക്തമാണ്.
പായ്ക്കറ്റിലാക്കി
മാലിന്യം എറിയും
കൂടുകളിലും സഞ്ചികളിലും നിറച്ച നിലയിൽ ലോഡുകണക്കിനു മാലിന്യമാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. ഇവിടെനിന്നുള്ള ദുർഗന്ധം സമീപത്തെ വ്യാപാരികൾക്കും ബുദ്ധിമുട്ടാകുന്നു. ഭക്ഷണാവശിഷ്ടങ്ങളും ബാർബർഷോപ്പിൽ നിന്നുള്ള മാലിന്യമടക്കം കുമിഞ്ഞുകൂടിയ നിലയിലാണ്. രാത്രികാലങ്ങളിൽ മാലിന്യക്കൂമ്പാരത്തിൽ തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്.
ഭവന നിർമാണ ബോർഡിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമായതിനാൽ മാലിന്യ നിർമാർജനം ബോർഡിന്റെ ഉത്തരവാദിത്വമാണെന്നു കാട്ടി നേരത്തെ നഗരസഭ ആരോഗ്യ വിഭാഗം, ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് കത്ത് നൽകിയിരുന്നു. ഇതിനു മറുപടിയും നൽകിയിട്ടില്ല. ഇതിനുപുറമേ ഷോപ്പിംഗ് കോംപ്ലക്സിന്റെ ടാങ്ക് നിന്നു മലിനജലം ഗുരുമന്ദിരം റോഡിലേക്ക് ഒഴുകാൻ തുടങ്ങിയിട്ടു മാസങ്ങളായി. അസഹ്യമായ ദുർഗന്ധം വമിക്കുന്നതിനാൽ ഇവിടുത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവർമാർക്കും ബുദ്ധിമുട്ടാണ്. നിരവധി തവണ വ്യാപാരികളും തൊഴിലാളികളും പരാതി നൽകിയിട്ടും നടപടിയില്ല. ഒരുവർഷം മുമ്പ് ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേയ്ക്ക് ഒഴുകിയപ്പോൾ നാട്ടുകാരുടെ സമരത്തെത്തുടർന്നാണ് പ്രശ്നം പരിഹരിച്ചത്. പകർച്ചവ്യാധി വ്യാപനത്തിനു കാരണമാകുന്ന മാലിന്യപ്രശ്നം പരിഹരിക്കാത്ത ബോർഡിന്റെ നടപടിക്കെതിരെ സമരം നടത്താനാണ് വ്യാപാരികളുടെ തീരുമാനം.