കട്ടപ്പന: കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ എൻജിനീയറിംഗ് കോളജിന്റെയും കട്ടപ്പന നഗരസഭയുടെയും നേതൃത്വത്തിൽ 22ന് രാവിലെ 10മുതൽ ടൗൺ ഹാളിൽ കരിയർ ഗൈഡൻസ് ആൻഡ് എൻട്രൻസ് ഓറിയന്റേഷൻ സെമിനാർ നടക്കും. റോഷി അഗസ്റ്റിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി അദ്ധ്യക്ഷത വഹിക്കും. എച്ച്.ആർ.ഡി. ട്രെയിനറും കരിയർ കൺസൾട്ടന്റുമായ മോൻസി വർഗീസ് ക്ലാസെടുക്കും. പ്ലസ്ടുവിനു ശേഷം ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ശരിയായ മാർഗനിർദേശം സെമിനാറിൽ നിന്നു ലഭിക്കും. കൂടാതെ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും മാർ ബസേലിയോസ് കോളജ് സൗജന്യമായി നടത്തുന്ന 10 ദിവസത്തെ എൻജിനീയറിംഗ് എൻട്രൻസ് ക്രാഷ് പ്രോഗ്രാമിലേക്കു രജിസ്റ്റർ ചെയ്യാവുന്നതാണ്. സെമിനാറിൽ എൻജിനീയറിംഗ് സംബന്ധമായും ഇതര കോഴ്സുകളെക്കുറിച്ചുമുള്ള സഹായ കേന്ദ്രങ്ങളും പ്രവർത്തിക്കും. പഠനത്തിൽ മികവു പുലർത്തുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സർക്കാർ, മാനേജ്‌മെന്റ് സംബന്ധമായ വിവിധ സ്‌കോളർഷിപ്പുകളെ കുറിച്ചുള്ള വിവരങ്ങളും അറിയാൻ അവസരമുണ്ടാകുമെന്ന് നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, നഗരസഭ കൗൺസിലർ ബെന്നി കല്ലൂപ്പുരയിടം, കോളജ് മാനേജർ ഫാ. കുരുവിള പെരുമാൾ, പ്രിൻസിപ്പൽ ഡോ. പ്രദീപ് സി. എന്നിവർ അറിയിച്ചു.