dd

തൊടുപുഴ: ഹിന്ദു എന്നതും ഹിന്ദുത്വം എന്നതും ഒന്നല്ലെന്നും ബി.ജെ.പി ഹിന്ദുക്കളുടെ രക്ഷകരാണെന്ന് പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള തന്ത്രം മാത്രമാണെന്ന് തിരിച്ചറിയണമെന്നും പി.ടി തോമസ് എം.എൽ.എ. എം.ഇ.എസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മതേതര ബഹുസ്വര കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. . പൗരത്വ നിയമ ഭേദഗതി ഭരണഘടനയേയും ജനാധിപത്യത്തേയും ദുർബലപ്പെടുത്തുകയും രാജ്യത്തെ നീതിന്യായ സമ്പ്രദായത്തെത്തന്നെ തകർക്കുകയും ചെയ്യും. പ്രതിഷേധിക്കാനുള്ള മൗലീകാവകാശത്തെ പോലും ഇന്ന് ചോദ്യം ചെയ്യപ്പെടുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന യുവത്വത്തെ രാജ്യത്തുടനീളം മൃഗീയമായാണ് നേരിടുന്നത്. ഈ നിയമ ഭേദഗതി മുസ്ലീംകളുടെ മാത്രം പ്രശ്നമല്ല, ആദ്യം ബാധിക്കുന്നത് അവരെയാണെന്നു മാത്രം. അതിനാൽ ഇതിനെതിരെ പോരാടാൻ ജാതി, മത, ലിംഗ, വർണ്ണ ഭേദമന്യെ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തീവ്രവാദ നിലപാടുകൾ പ്രശ്നപരിഹാരത്തിന് ഉതകില്ലെന്ന് പി.ടി തോമസ് പറഞ്ഞു..
എം.ഇ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. പി.എച്ച് ഹനീഫ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സി. അംഗങ്ങളായ വി.എം. അബ്ബാസ്, പി.എ മുഹമ്മദ് സാലി, അഡ്വ. നൂർ സമീർ, ജില്ലാ സെക്രട്ടറി ബാസിത് ഹസൻ, ട്രഷറർ ഫൈസൽ കമാൽ എന്നിവർ സംസാരിച്ചു.