ഒരാഴ്ച മുമ്പും തട്ടിപ്പ് നടത്തി
കട്ടപ്പന: നഗരത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്താൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം സ്വദേശി ബാബുരാജാണ് പിടിയിലായത്. ഭവന നിർമാണ ബോർഡ് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പണിമടപാട് സ്ഥാപനത്തിൽ ഒരാഴ്ച മുമ്പ് ഇയാൾ മുക്കുപണ്ടം പണയപ്പെടുത്തി 55,000 രൂപ തട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ വീണ്ടും ഇതേ സ്ഥാപനത്തിൽ മൂന്നുപവൻ തൂക്കമുള്ള മാലയുമായി ഇയാൾ എത്തി 50,000 രൂപയ്ക്ക് പണയം വെക്കാൻ നൽകി.. തിരിച്ചറിയൽ രേഖയായി നൽകിയത് ബാബു ജോസഫ് നരിയംപാറ എന്ന പേരിലുള്ള വ്യാജ ആധാർ കാർഡാണ്. സംശയം തോന്നിയ സ്ഥാപന ഉടമ പി.വി. കുര്യൻ, സമീപത്തെ ജ്വല്ലറിയിൽ എത്തി മാല പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞു. തുടർന്ന് മറ്റു വ്യാപാരികളുടെ സഹായത്തോടെ ഇയാളെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഇയാൾ നിരവധി മോഷണം, മുക്കുപണ്ടം തട്ടിപ്പ് കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ 10നാണ് ഇതേ സ്ഥാപനത്തിൽ ബാബുരാജ് മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയത്. ഇന്നലെ ഇയാളെ തിരിച്ചറിഞ്ഞ ജീവനക്കാർ പണയപ്പെടുത്തിയ ആഭരണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്നു കണ്ടെത്തിയത്.
ജനുവരി 31നും ഇതേ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്താൻ ഒരാൾ ശ്രമം നടത്തിയിരുന്നു. ജീവനക്കാർ തിരിച്ചറിഞ്ഞതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ബാബുരാജിനെതിരെ പാലാ, മൂവാറ്റുപുഴ സ്‌റ്റേഷനുകളിൽ മോഷണക്കേസുകളും കാഞ്ഞിരപ്പള്ളിയിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസും നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തട്ടിപ്പിനു പിന്നിൽ വൻ സംഘങ്ങളുണ്ടോയെന്നു കട്ടപ്പന സി.ഐ. വി.എസ്. അനിൽകുമാർ, എസ്.ഐ. സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നുണ്ട്.