ഇടുക്കി : പട്ടയമുള്ള കൈവശഭൂമിയുടെ കരം വില്ലേജ് ഓഫീസർ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടർ എച്ച്. ദിനേശൻ കർശന നിർദ്ദേശം നൽകി. ചിന്നക്കനാലിൽ വില്ലേജ് ഓഫീസർ കരം സ്വീകരിക്കുന്നല്ലെന്ന കോളനി നിവാസികളുടെ പരാതി ജില്ലാ ആദിവാസി പുരനധിവാസ മിഷൻ യോഗത്തിൽ അംഗങ്ങൾ ഉന്നയിച്ചപ്പോഴാണ് കളക്ടർ ഇങ്ങനെ നിർദ്ദേശിച്ചത്. ആദിവാസി പുരനധിവാസ മിഷൻ പദ്ധതി പ്രകാരം ലഭിച്ച വീടുകളിൽ താമസിക്കാത്തതും പദ്ധതി ലക്ഷ്യത്തിന് ഭിന്നമായി ഉപയോഗിക്കുന്നവരുടെയും പട്ടയം പരിശോധിച്ച് റദ്ദാക്കുന്നതിന് ഫെബ്രുവരി 28നകം പുതുക്കിയ ഗുണഭോക്തൃ പട്ടിക സമർപ്പിക്കണമെന്ന് ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. പട്ടിക ലഭിച്ചാൽ മാർച്ച് മൂന്നിന് വനം വകുപ്പിനെക്കൂടി പങ്കെടുപ്പിച്ച് യോഗം ചേർന്ന് താമസമില്ലാത്തവരുടേയും വീടും സ്ഥലവും പാട്ടത്തിനുനൽകിയ ഗുണഭോക്താക്കളുടേയും പട്ടയം റദ്ദ് ചെയ്യുന്നതിനുള്ള നടപടി ആരംഭിക്കും. താമസിക്കുന്നിടത്തല്ലാത്ത റവന്യു സ്ഥലത്ത് രേഖകളില്ലാതെ കൃഷി ചെയ്ത് വരുന്നവർക്ക് വീടിന്നടുത്ത് കൃഷിഭൂമി ലഭ്യമാക്കണമെന്ന കോളനി നിവാസികളുടെ ആവശ്യം സ്ഥിതി വിലയിരുത്തി പരിഗണിക്കാമെന്ന് കളക്ടർ അറിയിച്ചു. വീടും കൃഷിയും രണ്ടിടങ്ങളിലാകുന്നത് വന്യ മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതിനും ജീവന് ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും അവർ പരാതിപ്പെട്ടു. കുണ്ടളക്കുടിയിൽ പട്ടയം അനുവദിച്ചിട്ടും പട്ടയം സ്വീകരിക്കാതിരുന്നവർക്ക് ഭൂമി നിലവിൽ കൈവശമുണ്ടെങ്കിൽ പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടി ആരംഭിക്കാൻ തഹസീൽദാർക്ക് കലക്ടർ നിർദ്ദേശം നല്കി.
ചിന്നക്കനാൽ വില്ലേജിലെ പന്തടിക്കളം, 80 ഏക്കർ, സിങ്കുങ്കണ്ടം 301 , സൂര്യനെല്ലി വിലക്ക് എന്നീ 5 കോളനികളിലായിട്ടാണ് ആദിവാസികളെ പുനരധിവസിപ്പിച്ചിട്ടുള്ളത്. ആകെ 708 പട്ടയം വിതരണം ചെയ്യുകയും 551 പേർക്കു ഭൂമി നല്കിയിട്ടുണ്ട്. 80 ഏക്കർ കോളനിയിൽ 2.5 ഏക്കറും ബാക്കിയുള്ളതിൽ ഒരു ഏക്കറും വീതം 810 ഏക്കർ ഭൂമിയാണ് നല്കിയത്. അടുത്ത ജില്ലാ ആദിവാസി പുരനധിവാസ മിഷൻ യോഗം മാർച്ച് 19 രാവിലെ 11 കലക്ട്രേറ്റിൽ ചേരാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ കളക്ടർ എച്ച്. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ സാബു കെ ഐസക്, ജില്ലാ പ്ലാനിംഗ് ഓഫീസർ കെകെ ഷീല, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്‌കുമാർ, അടിമാലി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ സന്തോഷ്, നിർമിതി കേന്ദ്രം ജില്ലാ പ്രോജക്ട് എഞ്ചിനീയർ എസ്.ബിജു തുടങ്ങിയവർ പങ്കെടുത്തു.