തൊടുപുഴ: കെ.എസ്.ആർ.ടി.സി ഡിപ്പോ മാർച്ചിൽ പ്രവർത്തനം ആരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡംഗം സി.വി. വർഗീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിപ്പോ പൂർത്തീകരണത്തിനാവശ്യമായ 81 ലക്ഷം രൂപ കടമുറികളുടെ ലേലത്തിലൂടെ സമാഹരിക്കും. നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ജീവനക്കാർക്കും യാത്രക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി അവശേഷിക്കുന്ന പ്രവർത്തനങ്ങൾ നാലാഴ്ചക്കുള്ളിൽ പൂർത്തിയാക്കി ഡിപ്പോ തുറക്കാനാണ് ലക്ഷ്യമിടുന്നത്. ഗാര്യേജിന്റെയും കടമുറികളുടെയും ഓഫീസിന്റെയും വൈദ്യുതീകരണ ജോലികൾ, മീറ്ററിംഗ് പാനൽ സ്ഥാപിക്കൽ, ട്രാൻസ്‌ഫോർമറിൽ നിന്ന് കേബിൾ സ്ഥാപിക്കൽ, ഹൈമാസ്റ്റ് ലൈറ്റുകൾ, ഓഫീസ് ഫർണിഷിംഗ് എന്നിവയാണ് ഇനിയും പൂർത്തിയാകാനുള്ളത്. ഇത്തവണ നിരതദ്രവ്യം ഒഴിവാക്കി ചതുരശ്ര അടിയുടെ കണക്കിൽ മുറികൾ ലേലം ചെയ്തു നൽകാനാണ് ഉദ്ദേശിക്കുന്നത്. 27ന് ബാക്കിയുള്ള ഒമ്പതു കടമുറികൾക്കായുള്ള ടെണ്ടർ ക്ഷണിക്കും. ഒന്നാം നിലയിൽ ചതുരശ്രയടിയ്ക്ക് 35 രൂപയും രണ്ടാം നിലയിൽ 25 രൂപയുമാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ തുക പലിശ രഹിത ഡെപ്പോസിറ്റായി നൽകുന്നവർക്കാണ് ടെണ്ടർ ഉറപ്പിച്ചു നൽകുന്നത്. ലേലത്തിലൂടെ ലഭിക്കുന്ന തുക പ്രത്യേക അക്കൗണ്ടായി ബാങ്കിൽ നിക്ഷേപിച്ച് അടിയന്തര നിർമാണ പ്രവർത്തനങ്ങളായി വിനിയോഗിക്കും. മാർച്ചിൽ ഡിപ്പോ തുറക്കുന്നതോടെ തൊടുപുഴയിൽ നിന്ന് കൂടുതൽ ഗ്രാമീണ സർവീസുകൾ ആരംഭിക്കുമെന്നും നിലവിൽ ജില്ലയിൽ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കഴിഞ്ഞതായും സി.വി. വർഗീസ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡി.ടി.ഒ ആർ. മനേഷ്, സ്‌ക്വാഡ് ഇൻസ്‌പെക്ടർ ടി.ആർ. ഷാജി, കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) പ്രതിനിധി കെ.ഐ. സലിം എന്നിവരും പങ്കെടുത്തു.