തൊടുപുഴ: പൊലീസ് കസ്റ്റഡിയിൽ നിന്ന് തോക്കും ഉണ്ടയും പോയത് എൻ.ഐ.എയും പൊലീസ് തലപ്പത്തെ അഴിമതി സി.ബി.ഐയും അന്വേഷിക്കണമെന്ന് പി.ടി. തോമസ് എം.എൽ.എ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കോടതി ഇടപെട്ട് ഇതുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും ഉടൻ കണ്ടുകെട്ടണം. അതല്ലെങ്കിൽ ഇതിലെല്ലാം കൃത്രിമം വരുത്തും. തോക്കുണ്ടെന്ന് മാദ്ധ്യമങ്ങളെയല്ല, സി.എ.ജിയെയാണ് ബോദ്ധ്യപ്പെടുത്തേണ്ടത്.ഡി.ജി.പിയുടെ അഴിമതി ഹോംസെക്രട്ടറി അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റസമ്മതമാണ്.. സി.എ.ജി റിപ്പോർട്ട് ആദ്യം ഹോംസെക്രട്ടറിക്കാണ് സമർപ്പിക്കുക. റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് മറുപടി നൽകാൻ ഹോംസെക്രട്ടറിക്ക് അവസരമുണ്ട്. ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശം വരാതിരിക്കാൻ ധാരാളം അവസരം ഹോം സെക്രട്ടറിക്ക് നൽകിയിട്ടും കണ്ടെത്താനാകാത്ത ഉണ്ടയും തോക്കും എങ്ങനെയാണ് രണ്ട് മിനിട്ടു കൊണ്ട് ക്രൈംബ്രാഞ്ച് മേധാവി കണ്ടെത്തുന്നത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെ വഴി തിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. അതിൽ സ്പീക്കറും കരുവായതിൽ ദുഃഖമുണ്ട്.
കേരളകൗമുദിയെ
കുറിച്ചും പരാമർശം
ഏഴരക്കോടിയുടെ പാമോയിൽ അഴിമതി സംബന്ധിച്ച് റിപ്പോർട്ട് 1993 ജൂലായ് 16ന് കേരളകൗമുദിയാണ് ആദ്യം പുറത്ത് കൊണ്ടുവന്നതെന്ന് .പി.ടി. തോമസ് പറഞ്ഞു. തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയം കൊണ്ടുവന്നു. അതിന് ശേഷം 1994 ഫെബ്രുവരി 21 നാണ് സി.എ.ജി റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നത്. പൊലീസ് തലപ്പത്തെ അഴിമതിയെക്കുറിച്ചും ആദ്യം കേരളകൗമുദിയാണ് റിപ്പോർട്ട് ചെയ്തത്. ഇതിന് ശേഷം ഉബൈദുള്ള എം.എൽ.എ നിയമസഭയിൽ ഇതേക്കുറിച്ച് ചോദ്യം ഉന്നിയിച്ചെന്നും അദ്ദേഹം പറഞ്ഞു.